മണർകാട് വൺവേ ബൈപ്പാസ് റോഡിൽ കുഴിയും വെള്ളക്കെട്ടും
മണർകാട് : കുഴിയിൽ നിന്ന് കുഴിയിലേക്ക്...ദുരിതം ഇരട്ടിയാക്കി വെള്ളക്കെട്ടും. മണർകാട് വൺവേ ബൈപ്പാസ് റോഡിലെ ദുരിതം മാറ്റമില്ലാതെ തുടരുകയാണ്. വേനൽകാലത്ത് പൊടിശല്യം, മഴയെങ്കിൽ വെള്ളക്കെട്ട്, മാസങ്ങളായി മണർകാട് വൺവേ ബൈപ്പാസ് റോഡ് യാത്രക്കാർക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രമാണ്. പരാതികളുയർന്നപ്പോൾ വെള്ളക്കെട്ട് രൂപപ്പെട്ട ഭാഗങ്ങൾ അധികൃതർ മണ്ണിട്ട് നികത്തിയിരുന്നു. എന്നാൽ കനത്തമഴയിൽ റോഡ് പഴയ സ്ഥിതിയിലായി. ഇതോടെ യാത്രക്കാരുടെ ദുരിതവും ഇരട്ടിച്ചു. വൺവേ റോഡ് ആരംഭിക്കുന്ന ഇടം മുതൽ പഴയ കെ.കെ റോഡ് വരെ വലുതും ചെറുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.മണർകാട്-അയർക്കുന്നം റോഡിലെ ബൈപ്പാസ് കവലയിലും പഴയ കെ.കെ റോഡിലുമാണ് കുഴികളേറെയും. ഇത് ഗതാഗതകുരുക്കിനും ഇടയാക്കുന്നു.
റീടാറിംഗ് നടത്തണം
റീടാറിംഗ് നടത്തണമെന്ന ആവശ്യം ശക്തമാണ്. വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്ന ഭാഗത്ത് ഇന്റർലോക്ക് കട്ടകൾ പാകിയിരുന്നു.എന്നാൽ റോഡിന്റെ ഈ ഭാഗവും കനത്തമഴയിൽ തകർന്നു.