വൈക്കം : ഐ.എ.എസ് നേടുക ബാലികേറാമലയല്ലെന്നും ലക്ഷ്യബോധവും ആത്മവിശ്വാസവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ അനായാസം ഈ പദവിയിൽ എത്താമെന്നും അഡീഷണൽ ചീഫ് സെക്രട്ടറിയും ചീഫ് ഇലക്ട്രൽ ഓഫീസറുമായ ടിക്കാറാം മീണ പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിൽ കൃഷിപാഠം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ നടത്തിയ ജൈവപച്ചക്കറികൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യവും, ധർമ്മവും, നീതിയും, ന്യായവും ജനാധിപത്യത്തിന്റെ കാതലായ ഭാഗമാണ്. അത് പൂർണമായും ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമ്പോഴാണ് ജനാധിപത്യം എന്ന വലിയ ഉത്തരവാദിത്വം പൂർണമാകുക. കൃഷിയെ സ്‌നേഹിക്കുന്നതും അതിന്റെ പ്രക്രിയകളിൽ പങ്കാളികളാകുന്നതും മാന്യമായ സംസ്‌കാരമാണ്. കൃഷിയിൽ മാലിന്യം ചേർക്കാതെ ശുദ്ധമായ രീതിയിൽ വിളയിച്ചെടുക്കുമ്പോൾ ആരോഗ്യസംരക്ഷണത്തിന് അത് ഫലപ്രദമായ ഔഷധമായി മാറും. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളും ദർശനങ്ങളും സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമായ ചേരുവകൾ ചേർന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾ സ്‌കൂൾ വളപ്പിലും തലയാഴം പഞ്ചായത്തിൽ നാല് ഏക്കർ വരുന്ന സ്ഥലത്തും നടത്തിയ ജൈവപച്ചക്കറി കൃഷി നേരിട്ട് കണ്ട് കൂടുതൽ കാര്യങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. സ്‌കൂളിൽ തുടർച്ചയായി നടത്തുന്ന കൃഷിയെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും അദ്ധ്യാപകർ വിവരിച്ച് കൊടുത്തു. സമ്മേളനത്തിൽ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പ്രഥമദ്ധ്യാപിക പി. ആർ.ബിജി, പ്രിൻസിപ്പൾമാരായ ഷാജി ടി. കുരുവിള, എ. ജ്യോതി, എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ പി.ടി.ജിനീഷ്, പ്രീതി വി. പ്രഭ, അമൃത പാർവതി എന്നിവർ പ്രസംഗിച്ചു.