കോട്ടയം: ഇന്ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ജില്ലയ്ക്ക് കുന്നോളം പ്രതീക്ഷയുണ്ട്. സ്വന്തമായി ഒരു മന്ത്രിപോലുമില്ലാത്ത ജില്ലയെ സർക്കാർ കനിഞ്ഞ് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. മുൻവർഷങ്ങളിൽ ജില്ലയ്ക്ക് കാര്യമായൊന്നും ബഡ്ജറ്റ് നൽകാതിരുന്നതിന്റെ കേട് ഇക്കുറി പരിഹരിക്കപ്പെട്ടേക്കും.
കൃഷി, ടൂറിസം, ഗതാഗതം തുടങ്ങി വിവിധമേഖലകൾ ബഡ്ജറ്റിന്റെ കരുതൽ കൊതിക്കുന്നുണ്ട്. കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനുള്ളതെല്ലാം ബഡ്ജറ്റിലുണ്ടാകുമെന്ന് ഇടതുപക്ഷ എം.എൽ.എമാരും പറയുന്നു. അതേ സമയം കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഫയലിൽ ഉറങ്ങുകയാണ്. റബർ, നെൽ കർഷകരുടെ പ്രശ്നങ്ങളും വികസന പ്രശ്നങ്ങളും പരിഹരിക്കാൻ ഉതകുന്ന നിർദേശങ്ങൾ ബഡ്ജറ്റിൽ ഉണ്ടാകണം.
പറക്കാൻ കൊതിച്ച്
വിമാനത്താവളങ്ങൾക്കുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുമെന്ന മുൻ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ആഹ്ളാദിച്ചെങ്കിലും കാര്യങ്ങൾക്ക് വേഗതയില്ല. ചെറുവള്ളി വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുമെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നുമായിരുന്നു പ്രതീക്ഷയെങ്കിലും കോടതിയുടെ പരിഗണനയിലാണ് വിഷയം. ഈ വർഷം സ്ഥലമേറ്റെടുപ്പെങ്കിലും പൂർത്തിയാക്കിയാൽ മാത്രമേ മറ്റ് അനുമതികൾ തേടാൻ കഴിയൂ.
ചൂളംവിളി കാത്ത് ശബരി
ഉപേക്ഷിച്ചെന്ന് കരുതിയിരുന്ന പദ്ധതിയാണ് ശബരി റെയിൽവേ. കേന്ദ്ര മാനദണ്ഡം അനുസരിച്ച് പദ്ധതിയുടെ പകുതി ചെലവ് ഏറ്റെടുക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതാണ് വീണ്ടും ജീവൻ വയ്പ്പിച്ചത്. ബഡ്ജറ്റിൽ ശബരി റെയിൽവേയ്ക്ക് കാര്യമായി കരുതിയിട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ജില്ല. ശബരിമല വിഷയത്തിൽ അകന്നു പോയ ജനവിഭാഗങ്ങളെ തൃപ്തിപ്പെടുത്താൻ ഇടതുമുന്നണിക്ക് മറ്റ് മാർഗമില്ല.
കണ്ണീരിലാണ് കർഷകർ
കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തോടെ റബറിന് കാര്യമായെന്തെങ്കിലും ലഭിക്കുമെന്നാണ് പ്രധാന പ്രതീക്ഷ. മുൻ വർഷങ്ങളിൽ ഒന്നും ലഭിച്ചിട്ടില്ല, ഈ മേഖലയ്ക്ക്. വിലസ്ഥിരതാ ഫണ്ട് 200 രൂപയാക്കണമെന്നതാണ് ആവശ്യം. 175ലെത്തിയാൽ കർഷകർ ഹാപ്പിയാകും. റബറിനുള്ള ക്രെഡിറ്റ് ജോസ് കെ. മാണിക്ക് ആയതിനാൽ തിരിച്ചു സംഭവിച്ചാൽ അതിനെ ന്യായീകരിക്കാൻ അദ്ദേഹം വിഷമിക്കും. മുൻ ബഡ്ജറ്റുകളിൽ ഇടംപിടിച്ച സിയാൽ മാതൃകയിലുള്ള റബർ വ്യവസായ പാർക്കിന്റെ പ്രാരംഭ പ്രവർത്തനം പോലുമായിട്ടില്ല.
വികസനം കൊതിച്ച്
കുമരകം മുതൽ ഇല്ലിക്കല്ല് വരെ നീണ്ടു കിടക്കുന്ന ടൂറിസം മേഖലയുടെ വികസനത്തിന് എത്ര രൂപ നീക്കിവയ്ക്കുമെന്നാണ് ജില്ല ഉറ്റുനോക്കുന്നത്. ഈ സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ കുമരകം വികസനം, ടൂറിസം സർക്യൂട്ട് തുടങ്ങി നിരവധി പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട്. ജില്ലയെ സാമ്പത്തികമായ ഉണർവിലേയ്ക്ക് നയിക്കാൻ ടൂറിസം മേഖലയെ വലിയ തോതിൽ സർക്കാർ പിന്തുണയ്ക്കേണ്ടതുണ്ട്.
ജീവശ്വാസം പ്രതീക്ഷിച്ച് സിമന്റ്സ്
പ്രതിസന്ധിമാറി പ്രതാപകാലത്തേയ്ക്കുള്ള കാത്തിരിപ്പിലാണ് നാട്ടകം സിമന്റ്സ്. പുനരുദ്ധാരണ, വൈവിദ്ധ്യവത്കരണ നടപടികളുടെ ഭാഗമായുള്ള വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണ യൂണിറ്റിന്റെ നിർമാണം നാട്ടകം സിമന്റ്സിൽ നടക്കുകയാണ്. മന്ത്രി ഇ.പി.ജയരാജൻ അടക്കം വാഗ്ദാനം ചെയ്ത പദ്ധതികൾ ബഡ്ജറ്റിൽ ഇടംപിടിക്കാതിരുന്നാൽ അത് മന്ത്രിക്കു തന്നെ നാണക്കേടാവും.
ബണ്ട് അടഞ്ഞു തന്നെ
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തണ്ണീർമുക്കം ബണ്ട് ഒരു വർഷത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു വയ്ക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പിലായില്ല. എ.സി. റോഡ്, എ.സി. കനാൽ നവീകരണവും ഇഴയുന്നു. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ സംയോജന പദ്ധതി വിജയകരമായി മുന്നേറുന്നുണ്ട്. ഇക്കുറിയും പദ്ധതിക്ക് പിന്തുണ നൽകുന്ന ബഡ്ജറ്റാകുമെന്നാണ് പ്രതീക്ഷ.