കോട്ടയം : ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാകരമായി ഉയരുന്നതിനിടെ പ്രതിരോധ വാക്സിനെത്തി. ഇന്നലെ വൈകിട്ട് നാലോടെ കോട്ടയം ജനറൽ ആശുപത്രിയിലാണ് 29170 ഡോസ് കൊവിഷീൽഡ് വാക്‌സിൻ എത്തിച്ചത്. എറണാകുളത്തു നിന്ന് ഒൻപത് കോൾഡ് ബോക്‌സുകളിലായി റോഡുമാർഗം എത്തിച്ച വാക്സിൻ കോട്ടയം ജനറൽ ആശുപത്രിയിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സി.ജെ. സിതാരയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ജനറൽ ആശുപത്രിയിലെ വാക്‌സിൻ സ്റ്റോറിൽ ഐസ് ലൈൻഡ് റഫ്രിജറേറ്ററിലാണ് ഇവ സൂക്ഷിക്കുന്നത്. വാക്സിൻ വിതരണം 16 ന് ആരംഭിക്കും. ദൂരെയുള്ള വിതരണ കേന്ദ്രങ്ങളിലേക്ക് നാളെയും മറ്റ് കേന്ദ്രങ്ങളിലേക്ക് 16 ന് രാവിലെയും വാക്സിൻ കൊടുത്തയയ്ക്കും.
ആദ്യഘട്ടത്തിൽ 23839 പേർ
ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കാൻ 23,839 ആരോഗ്യ പ്രവർത്തകർ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം 31വരെ വിതരണം ചെയ്യുന്നതിനുള്ള വാക്സിനാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. ഒരാൾക്ക് രണ്ടു ഡോസ് മരുന്നാണ് നൽകുക.
കേന്ദ്രങ്ങളും സജ്ജം
ജില്ലയിൽ സർക്കാർ ആയുർവേദ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ഒൻപത് കേന്ദ്രങ്ങളാണ് സജ്ജമായിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, പാലാ ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രി, കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്റർ, പാമ്പാടി കോത്തല സർക്കാർ ആയുർവേദ ആശുപത്രി, ചങ്ങനാശേരി ജനറൽ ആശുപത്രി, ഇടയിരിക്കപ്പുഴ, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളാണ് വിതരണ കേന്ദ്രങ്ങൾ.
'' എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ഒരോ കേന്ദ്രത്തിലും ഒരു ദിവസം നൂറു പേർക്ക് വീതം പ്രതിരോധ മരുന്ന് കുത്തിവയ്ക്കും. ഇതിന് പുറമെ വാക്‌സിൻ കൂടുതലായി ലഭ്യമാകുമ്പോൾ വിതരണത്തിന് 520 കേന്ദ്രങ്ങൾകൂടി സജ്ജമാക്കും''
എം.അഞ്ജന, കളക്ടർ