കട്ടപ്പന: മൊബൈൽ ഫോൺ വിൽപ്പനയുടെ മറവിൽ തിരുവനന്തപുരം സ്വദേശി 50 ലക്ഷം രൂപ തട്ടിയതായി പരാതി. വെള്ളാരംകുന്ന് സ്വദേശി പീറ്റർ നൈനാനാണ് തിരുവനന്തപുരം സ്വദേശി റസൽ ഫ്രാൻസിസിനെതിരെ കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മേയിലാണ് ഇരുവരും പാർട്ണർഷിപ്പിൽ ജില്ലയിലെ വിവിധ കടകളിൽ മൊബൈൽ ഫോണുകൾ വിതരണം ആരംഭിച്ചത്. പീറ്റർ കടകളിൽ നിന്നു മുൻകൂറായി പണം വാങ്ങിയ ശേഷം റസലിനു കൈമാറുകയും പിന്നീട് മൊബൈൽ ഫോൺ എത്തിച്ചുനൽകുകയുമായിരുന്നു. ആദ്യ മാസങ്ങളിൽ ഇടപാടുകൾ കൃത്യമായിരുന്നു. പിന്നീട് റസൽ പണം കൈപ്പറ്റിയെങ്കിലും മൊബൈൽ ഫോണുകൾ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു. പലതവണയായി 50 ലക്ഷത്തോളം രൂപയാണ് വ്യാപാരികളിൽ നിന്നു കൈപ്പറ്റിയത്. ഇടപാടുകളിൽ വീഴ്ചയുണ്ടായതോടെ വ്യാപാരികൾ പീറ്ററിനെ സമീപിച്ചു. റസലുമായി ബന്ധപ്പെട്ടെങ്കിലും മൊബൈൽ ഫോണുകൾ എത്തിച്ചുനൽകാൻ ഇയാൾ തയാറായില്ല. റസൽ നൽകിയ അക്കൗണ്ടുകളിലേക്കാണ് പീറ്റർ പണം നിക്ഷേപിച്ചിരുന്നത്. കട്ടപ്പന സി.ഐ. വിശാൽ ജോൺസന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.