കോട്ടയം : മാസ് എൻട്രിയായി വിജയണ്ണന്റെ 'മാസ്റ്റർ" എത്തിയപ്പോൾ കൊവിഡൊക്കെ എന്ത് ! ജില്ലയിലെ തിയേറ്ററുകളും പരിസരവും ആരാധകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ചിലർ കൈക്കുഞ്ഞുമായി വരെയാണെത്തിയത്. പത്ത് മാസത്തിന് ശേഷം തിയേറ്റർ തുറന്നപ്പോൾ ഗംഭീര വരവേൽപ്പാണ് സിനിമാ പ്രേമികൾ നൽകിയത്. ആദ്യദിനം തന്നെ ഹൗസ് ഫുൾ. ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളെല്ലാം ഓൺലൈനിൽ ബുക്ക് ചെയ്തുകഴിഞ്ഞു. തിയേറ്ററുടമകളും തൊഴിലാളികളും ഒരുപോലെ ഹാപ്പി.
മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായിരുന്നു പ്രവേശനമെങ്കിലും പതിവ് തള്ളിനും ബഹളത്തിനും ഒരു കുറവുമില്ല. ആദ്യദിനം ഫാൻസുകാർ അറുമാദിച്ചു. നഗരത്തിൽ സെൻട്രൽ പിക്ചേഴ്സിന്റെ എല്ലാതിയേറ്ററുകളിലും മാസ്റ്റർ പ്രദർശിപ്പിച്ചു. രാവിലെ ഒൻപതിന് ആദ്യപ്രദർശനം ആരംഭിച്ചു. പുലർച്ചെ മുതൽ വിജയ് ആരാധകർ കൂട്ടമായെത്തി സിനിമ കണ്ടു. ഏതാനും ദിവസങ്ങളിലേയ്ക്കുള്ള ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നെന്ന് തിയേറ്ററുടമകൾ പറഞ്ഞു.
പ്രതീക്ഷയിൽ സിനിമാ മേഖല
ഇന്നലെ ഉണ്ടായ അഭൂതപൂർവമായ തിരക്ക് സിനിമാ മേഖലയ്ക്ക് ഒന്നടങ്കം പ്രതീക്ഷ പകരുന്നതാണ്. കൊവിഡിന് ശേഷം തിയേറ്ററിലെത്താൻ ആളുകൾ കാട്ടുന്ന താത്പര്യം ശുഭസൂചനയായാണ് സിനിമാ പ്രവർത്തകർ കാണുന്നത്. ജയസൂര്യയുടെ വെള്ളമാണ് ഇനിവരാനുള്ള സിനിമ.