പാലാ: മാണി സി.കാപ്പൻ യു.ഡി.എഫിലേക്ക് പോയാൽ തള്ളിപ്പറയുമെന്ന് പാലായിലെ എൻ.സി.പി നേതാക്കൾ. എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പാലാ നഗരസഭാ മുൻ ആക്ടിംഗ് ചെയർമാൻ ബെന്നി മൈലാടൂരിന്റെ നേതൃത്വത്തിൽ കൂടിയ എൻ.സി.പി നേതാക്കളുടെ രഹസ്യയോഗത്തിലാണ് തീരുമാനം. എം.എൽ.എ എന്ന നിലയിൽ മാണി സി. കാപ്പൻ പാലാ മണ്ഡലത്തിൽ ഊർജ്ജിതമായ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും എൻ.സി.പി പാലായിൽ ക്ഷയിച്ചുപോകുകയാണുണ്ടായതെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ കുറ്റപ്പെടുത്തി. പാർട്ടി നേതാക്കളെ എം.എൽ.എ വേണ്ടവിധം പരിഗണിച്ചില്ല. സ്വന്തം പാർട്ടി എന്ന നിലയിൽ എൻ.സി.പി പ്രവർത്തകരെ ഒരുമിച്ചു നിർത്താൻ മാണി സി.കാപ്പന് കഴിഞ്ഞിട്ടില്ലെന്നും നേതാക്കൾ ആക്ഷേപിച്ചു.
പാലാ സീറ്റിന്റെ പേരിൽ മാണി സി.കാപ്പൻ പാർട്ടി പിളർത്തിയാലും പാലായിൽ നിലവിലുള്ള തൊണ്ണൂറ് ശതമാനം പ്രവർത്തകരും നേതാക്കളും ഇടതുമുന്നണിയോടൊപ്പം നിൽക്കുമെന്ന് ബെന്നി മൈലാടൂർ പറയുന്നു. എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് ജോഷി പുതുമനയുടെ സജീവമല്ലാത്ത പ്രവർത്തനം പാലായിലെ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു.കോട്ടയം ജില്ലാ കമ്മറ്റിയിലെ ഭൂരിപക്ഷം പേരും എ.കെ ശശീന്ദ്രന്റെ പക്ഷത്താണ്.ബ്ലോക്ക് നേതാക്കളുമായി തെറ്റിയ സംസ്ഥാന കമ്മറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ മറ്റു പാർട്ടികളിലേക്ക് പോയതായും രഹസ്യയോഗം ചേർന്നവർ കുറ്റപ്പെടുത്തി. മാണി സി.കാപ്പൻ പാർട്ടി പിളർത്തി യു.ഡി.എഫിലേക്ക് പോയാൽ പിറ്റേന്ന് തന്നെ പത്രസമ്മേളനം നടത്തി തങ്ങൾ ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുകയാണെന്ന് പ്രഖ്യാപിക്കുമെന്നും ബെന്നി മൈലാടൂർ യോഗത്തിൽ പറഞ്ഞു. ജോസ് കുറ്റിയാനിമറ്റം, സതീഷ് കല്ലക്കുളം, മാർട്ടിൻ മിറ്റത്താനി, ജോർജ്ജ് തോമസ് തുടങ്ങി നിരവധി നേതാക്കൾ രഹസ്യയോഗത്തിൽ പങ്കെടുത്തു. ഇതോടെ പിളർപ്പിനു മുമ്പേ തന്നെ സ്വന്തം തട്ടകത്തിൽ മാണി സി. കാപ്പൻ ഒറ്റപ്പെടുകയാണെന്നാണ് സൂചന.