കോട്ടയം : ജില്ലയിൽ 589 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 580 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒൻപതു പേർ രോഗബാധിതരായി. പുതിയതായി 5894 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 304 പുരുഷൻമാരും 236 സ്ത്രീകളും 49 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 119 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 548 പേർ രോഗമുക്തരായി. 5339 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 13147 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
കൊവിഡാനന്തര ആരോഗ്യപ്രശ്‌നം
കൂടുതൽ ശ്രദ്ധിക്കണം
കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ. കൊവിഡ് വന്ന് മാറിയതിനു ശേഷവും പല രോഗികൾക്കും ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ വ്യാപകമാകുന്നുണ്ട്. ശരീരവേദന, ക്ഷീണം, സന്ധിവേദന, കിതപ്പ് തുടങ്ങിയവയാണ് പ്രധാന പ്രശ്‌നം. ആയുർവേദ ചികിത്സയും യോഗയും പ്രാണായാമവും ഫലപ്രദമാണ്. ഗവ.ആയുർവേദ ആശുപത്രികൾ വഴി പുനർജനി എന്ന പേരിലും സ്വകാര്യ സ്ഥാപനങ്ങളിൽ ആയുർ ഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക്കുകൾ വഴിയും ചികിത്സ ലഭിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.