yamaha

കുമരകം: അപ്പർകുട്ടനാടും വേമ്പനാട്ടു കായലും ഇനിയെത്ര നാൾ എന്ന ആശങ്കയേറുന്നു. ജലമലിനീകരണം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. കുമരകം എന്ന കൊച്ചു ഗ്രാമത്തിന് ടൂറിസം ഭൂപടത്തിൽ ഇടം നേടികൊടുത്ത വേമ്പനാട്ടു കായലിനെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ കൂടിയേ തീരൂ.

പതിയിരിക്കുന്ന വിപത്തിന്റെ ആഴമറിയാതെയാണ് ജനങ്ങൾ ജലമലിനീകരണത്തെ കാണുന്നത് . വേണ്ടാത്തതെന്തും സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയാണ് ഭൂരിപക്ഷം ആളുകളും . വെള്ളപ്പൊക്ക സീസണുകളിൽ നദികളിലൂടെ ഒഴുകിയെത്തുന്നതിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് . ഒപ്പം കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന രാസകീടനാശിനികളുടേയും കളനാശിനികളുടേയും അവശിഷ്ടങ്ങളും ജലത്തിൽ കലരുന്നു. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന യന്ത്രവത്കൃത ജലയാനങ്ങളുടെ ബാഹുല്യവും മലിനീകരണത്തിന്റെ വേഗം കൂട്ടുന്നു . വള്ളങ്ങളിൽ തുഴയും ഊന്നാനുള്ള കഴുക്കോലും ഇപ്പോൾ വിരളമാണ്. ചെറിയ വള്ളങ്ങളിൽ പോലും എൻജിൻ ഘടിപ്പിച്ചിരിക്കുന്നു . വേമ്പനാട്ടു കായലിന്റെ വിസ്തൃതിയും കൈയേറ്റം മൂലം കുറഞ്ഞു കൊണ്ടിരിക്കയാണ്.

പദ്ധതികൾ പലത്

ജലമലിനീകരണം തടയാൻ സർക്കാരുകൾ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട് . മീനച്ചിലാർ - കൊടുരാർ - മീനന്തറയാർ സംയോജന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതു തന്നെ ജലമലിനീകരണവും വെള്ളപ്പൊക്കവും ഒഴിവാക്കുകയാണ് . കുമരകം പഞ്ചായത്തും പല പദ്ധതികളും പല പേരുകളിൽ നടത്തുന്നുണ്ട്. ശുചിത്വ കുമരകം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ നിന്നും കടകളിൽ നിന്നും ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്നുണ്ട്. എന്നാൽ ഒട്ടുമിക്ക വീട്ടുകാരും ഈ പദ്ധതിയോട് സഹകരിക്കുന്നില്ല. ചിലർ പ്ലാസ്റ്റിക് കത്തിച്ചു നശിപ്പിച്ച് വായു മലിനീകരണം നടത്തും . മറ്റുള്ളവർ തോട്ടിലേക്ക് വലിച്ചെറിയും . ഇവയെല്ലാം ഒഴുകിയെത്തുന്നത് വേമ്പനാട്ടു കായലിലാണ് .തണ്ണീർമുക്കം ബണ്ട് അടഞ്ഞു കിടന്നാൽ കടലിലേയ്ക്കും പോകില്ല . വേമ്പനാട്ടു കായലിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യത്തിനെയാണ് കായൽ മാലിന്യം ഏറെ ബാധിക്കുക. കായലിൽ മത്സ്യസമ്പത്ത് ഏറെ കുറഞ്ഞു കൊണ്ടിരിക്കുന്നതിനും പ്രധാന കാരണം കായൽ മലിനീകരണമാണ്.

മലിനീകരണ പ്രശ്നങ്ങൾ

 കായലിലെ മൽസ്യസമ്പത്ത് നശിക്കുന്നു

 ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു

 കീടനാശിനികൾ കലർന്ന് മലിനമാകുന്നു

 പോളയും മറ്റും ചീഞ്ഞ് ദുർഗന്ധം വമിക്കുന്നു.

 കായലിന്റെ വിസ്തൃതിയും ആഴവും കുറയുന്നു.

' ബോട്ടുകാരുടേയും മത്സ്യ തൊഴിലാളികളുടേയും വള്ളങ്ങളുടെ പ്രൊപ്പല്ലറുകളിൽ പ്ലാസ്റ്റിക് ഉടക്കി എൻജിൻ തകരാറിലാകുന്നത് നിത്യസംഭവമാണ് . ജലമലിനീകരണം തടയാൻ ഫലപ്രദമായ പദ്ധതികൾ ആവിഷ്ക്കരിച്ച് വിജയകരമായി നടപ്പാക്കാൻ പുതിയ ത്രിതല പഞ്ചായത്ത് ഭരണസമതി തയ്യാറാകണം.

വിജയപ്പൻ, കുമരകം