അടിമാലി: മോഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി പൊലീസിന്റെ പിടിയിലായ അടിമാലിയിൽ താമസക്കാരനായ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു.ഡിസംബർ 22, 24 തിയതികളിൽ ചാലക്കുടിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ അയ്യപ്പൻ തട്ടേൽ മനീഷിനെ(39)യാണ് അടിമാലിയിലെ വിവിധ സ്ഥാപനങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സ്വർണ്ണ പാദസ്വരവും തളയുമായിരുന്നു മനീഷ് മോഷണം നടത്തിയത്.നേര്യമംഗലം സ്വദേശിയായ മനീഷ് കഴിഞ്ഞ കുറച്ചു നാളുകളായി അടിമാലി മന്നാങ്കാലായിലായിരുന്നു താമസിച്ച് വന്നിരുന്നതെന്നാണ് ചാലക്കുടി പൊലീസ് നൽകുന്ന വിവരം.മോഷണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായും പൊലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുന്നവരുടെ മാലയും പാദസ്വരവും മറ്റും ജനാലക്കുള്ളിലൂടെ കവരുകയാണ് മനീഷിന്റെ മോഷണ രീതിചാലക്കുടിയിൽ നിന്നും മോഷ്ടിച്ച സ്വർണ്ണ ഉരുപ്പടികൾ പ്രതി അടിമാലിയിലെത്തിച്ച് പണയപ്പെടുത്തുകയും പിന്നീട് അവ വിൽപ്പന നടത്തുകയും ചെയ്തു.ഈ സ്ഥാപനങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. ചാലക്കുടി എസ് ഐ ഷാജന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പിനെത്തിച്ചത്.