കോട്ടയം: പുരപ്പുറത്ത് സോളാർ പാനലുകൾ സ്ഥാപിച്ച് വീടുകളിൽ അടക്കം വൈദ്യുതി സംഭരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പൂർത്തിയായത് ആറെണ്ണം. 2020 ജൂണിൽ രജിസ്ട്രേഷൻ ആരംഭിച്ച് നവംബറിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കൊവിഡ് മൂലം പ്രവർത്തനങ്ങൾ നീണ്ടു പോയി. നിലവിൽ ജില്ലയിൽ നാലു പദ്ധതികളാണ് കമ്മിഷൻ ചെയ്‌തത്. രണ്ടെണ്ണം 30 ന് കമ്മിഷൻ ചെയ്യും. കിടങ്ങൂർ എൻജിനീയറിംഗ് കോളേജിൽ 186 കിലോവാട്ടിന്റെയും മരങ്ങാട്ടുപിള്ളിയിൽ 30 കിലോവാട്ടിന്റെയും പദ്ധതികളാണ് കമ്മിഷൻ ചെയ്യുന്നത്.
രണ്ടാം ഘട്ടത്തിൽ വീടുകളിലേയ്ക്കാണ് പദ്ധതി എത്തിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവരെ കൂടി പദ്ധതിയുടെ ഭാഗമാക്കും. വീടുകളിൽ സ്ഥാപിക്കുന്ന സോളാർ യൂണിറ്റിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
പദ്ധതി ഇങ്ങനെ
150 യൂണിറ്റ് വരെ ഉത്പാദിപ്പിക്കുന്ന യൂണിറ്റിന് പദ്ധതി ചെലവിന്റെ 20 ശതമാനമായ 11000 രൂപ ഉപഭോക്താവ് വഹിക്കണം. വൈദ്യുതിയുടെ 40 ശതമാനം ലഭിക്കും. 200 യൂണിറ്റ് വരെ ശേഷിയുള്ള യൂണിറ്റിന് പദ്ധതിയുടെ 25 ശതമാനം വരെ ഉപഭോക്താവ് വഹിക്കേണ്ടി വരും. അതായത് 14000 രൂപ. വൈദ്യുതിയുടെ 50 ശതമാനമാണ് ഉപഭോക്താവിന് ലഭിക്കുക.
മൂന്നു കിലോവാട്ടിനു മുകളിൽ ഉത്പാദന ശേഷിയുള്ള നിലയത്തിന്റെ ചെലവിന്റെ 60 ശതമാനം ഉപഭോക്താവ് മുടക്കേണ്ടി വരും. മുഴുവൻ വൈദ്യുതിയും ലഭിക്കും.
രജിസ്‌ട്രേഷൻ
ഗാർഹിക ഉപഭോക്താക്കൾക്കു കെ.എസ്.ഇ.ബിയുടെ വെബ് സൈറ്റായ www.kseb.in വഴിയോ ഓൺലൈൻ പോർട്ടലിലോ രജിസ്റ്റർ ചെയ്യാം. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 75000 ഉപഭോക്താക്കൾക്കാണ് അവസരം . 1190 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.