വാകത്താനം : നാളുകൾക്ക് ശേഷം തിയേറ്ററുകളിൽ സിനിമ പ്രദർശനം ആരംഭിച്ചപ്പോൾ വ്യത്യസ്തമായി പുതുപ്പള്ളി വിജയ് ഫാൻസ് അസോസിയേഷൻ. മാസ്റ്റർ റിലീസ് ആദ്യദിനത്തോട് അനുബന്ധിച്ചാണ് ഫാൻസ് അസോസിയേഷനായ പോക്കിരി നൻപൻസിന്റെ സഹകരണത്തോടെ കോട്ടയം-ഞാലിയാകുഴി പൊങ്ങന്താനം കൊല്ലറാട്ട് ബസിൽ യാത്ര ചെയ്യുന്ന എല്ലാ വിദ്യാർത്ഥികൾക്കും യാത്ര സൗജന്യമായി നല്കിയത്. ബസ് കണ്ടക്ടറും വിജയ് ഫാൻസ് അസോസിയേഷൻ മെമ്പറുമായ ബിജിന്റെ നിർദേശപ്രകാരവും അസോസിയേഷന്റെ തീരുമാനപ്രകാരവുമാണ് യാത്ര നല്കിയത്. ബസ് ഉടമകളും തീരുമാനത്തോട് യോജിച്ചു. വിജയിയുടെ സിനിമ ഇറങ്ങുന്ന ദിവസങ്ങളിൽ എല്ലാം സൗജന്യ യാത്ര ഒരുക്കിയിട്ടുണ്ട്. മുൻപ് മൂന്ന് തവണ സമാന രീതിയിൽ യാത്ര സജ്ജമാക്കിയിട്ടുണ്ട്. വരും നാളുകളിൽ എല്ലാ യാത്രക്കാർക്കും സൗജന്യമായി യാത്ര ഒരുക്കാനുള്ള ലക്ഷ്യത്തിലാണ് അസോസിയേഷൻ. പ്രസിഡന്റ് റോൺസ്, സെക്രട്ടറി റിജോ, ബസ് ഉടമകളായ ഷിനോ, അജോ, കണ്ടക്ടർമാരായ ബിജിൻ, അഭിലാഷ് എന്നിവരാണ് ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.