pc

കോട്ടയം: യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ കരുക്കൾ നീക്കുന്ന പി.സി. ജോർജിന്റെ നീക്കം പൊളിക്കാൻ പി.ജെ.ജോസഫ് രംഗത്ത്. ജോർജിനെ യു.ഡി.എഫിൽ എടുക്കില്ലെന്ന പരസ്യ പ്രസ്താവനയുമായി പി.ജെ.ജോസഫ് ഇന്നലെ രംഗത്തെത്തി. "സ്വതന്ത്രനായി മത്സരിച്ചാൽ പുറത്തുനിന്ന് പിന്തുണക്കാമോ എന്ന് യു.ഡി.എഫ് നോക്കും. പാലാ അടക്കം കൂടുതൽ സീറ്റിനായുള്ള ജോർജിന്റെ അതിരുകടന്ന അവകാശ വാദങ്ങൾ വേണ്ട. പൂഞ്ഞാർ നഷ്ടപ്പെടാതിരിക്കാനാണ് പി.സി ജോർജ് ശ്രമിക്കേണ്ടതെന്നും ജോസഫ് വ്യക്തമാക്കി. എന്നാൽ ജോസഫ് " മറുപടി അർഹിക്കുന്നില്ലെ'ന്നായിരുന്നു ജോർജിന്റെ പ്രതികരണം.

കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ ജോർജിന്റെ മുന്നണി പ്രവേശനം ചർച്ചയാകേണ്ടതായിരുന്നു. ജോസഫാണ് ആദ്യം ഉടക്കിട്ടത്. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കണ്ട് എതിർപ്പറിയിച്ചു. ഇതോടെ ചർച്ച മാറ്റി. ജോർജിനെ യു.ഡി.എഫിൽ എടുക്കണമെന്ന ആവശ്യം കത്തോലിക്ക ബിഷപ്പുമാർ ഉന്നയിച്ച സാഹചര്യത്തിൽ സ്വതന്ത്രനായി നിന്നാൽ പിന്തുണക്കാമെന്ന നിലപാടിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തി. ഇത് ജോർജ് അംഗീകരിക്കുന്നുമില്ല.

പി.സി തോമസിന് സീറ്റു നൽകുന്നതിനെയും ജോസഫ് എതിർത്തു. ജോസഫ് വിഭാഗത്തിൽ ലയിച്ചു വന്നാൽ പി.സി തോമസിനെ മത്സരിപ്പിക്കുന്ന കാര്യം ആലോചിക്കാമെന്ന നിലപാടിലേക്ക് യു.ഡി.എഫിനെ എത്തിക്കാനും ജോസഫിന് കഴിഞ്ഞു. ഇത് തോമസിന് സമ്മതമല്ല. കേരളകോൺഗ്രസ് എം എന്ന പേര് ജോസഫിന് ഉപയോഗിക്കാൻ കഴിയില്ല .ബ്രായ്ക്കറ്റില്ലാത്ത കേരള കോൺഗ്രസ് പി.സി തോമസിന്റേതാണ്. തോമസ് ലയിച്ചാൽ ജോസഫിന് ഈ പേര് ഉപയോഗിക്കാൻ കഴിയും. ഇതു മനസിലാക്കിയാണ് തോമസ് പിടികൊടുക്കാതെ നിൽക്കുന്നത്.