rd

തകർന്ന് തരിപ്പണമായി പൂവം പള്ളി റോഡ്

ചങ്ങനാശേരി : 12 വർഷമായി ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്. പുതിയ പഞ്ചായത്ത് ഭരണസമിതിയും വന്നു. ഇനിയെങ്കിലും റോഡിന്റെ കോലമൊന്ന് മാറിയാൽ മതിയായിരുന്നു. പൂവംനിവാസികൾക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. അത്രയേറെ ദുരിതമാണ് അവർ അനുഭവിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പൂവം പള്ളിയിലേക്കുള്ള റോഡും, പൂവം ഗവ.യുപി സ്‌കൂളിനു മുൻവശത്തുള്ള റോഡും തകർന്നതോടെയാണ് പ്രദേശവാസികളുടെ ദുരിതവും തുടങ്ങിയത്.

കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രയിൽ നടുവൊടിഞ്ഞില്ലെങ്കിലാണ് അത്ഭുതം. പായിപ്പാട് പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് റോഡ്. കിലോമീറ്ററോളം നീളത്തിലാണ് റോഡ് തകർന്നു കിടക്കുന്നത്. ഓടയില്ലാത്തതിനാൽ മഴക്കാലത്ത് ചെളിനിറഞ്ഞ് റോഡ് സഞ്ചാരയോഗ്യമല്ല. വേനലിൽ പൊടിശല്യവും. എന്തിന് കാൽനടയാത്രയും അസാദ്ധ്യമായിരിക്കുകയാണ്.

ഇരുചക്രവാഹനങ്ങൾക്ക് കെണി

കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. വീടുകൾ, സ്‌കൂൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ക്ലിനിക്ക് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. പൂവം പ്രദേശത്തെ സാധാരണക്കാരായ ആളുകൾക്ക് ചങ്ങനാശേരി ടൗണിൽ എത്താൻ ഏക ആശ്രയം ഈ റോഡാണ്. സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നില്ല. കെ.എസ്.ആർ.ടി.സിയാണ് ഏക ആശ്രയം.

രോഗം വന്നാൽ പെട്ടത് തന്നെ !

റോഡ് മോശമായതിനാൽ ഓട്ടോറിക്ഷയും ഓട്ടം പിടിച്ചാൽ വരില്ല. ടൗണിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്നവർ കാൽനടയായാണ് തിരികെ വീടുകളിലേക്ക് എത്തുന്നത്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ താമസിക്കുന്നത്. ആശുപത്രി സൗകര്യങ്ങൾ കുറവായതിനാൽ രാത്രി കാലങ്ങളിൽ ടൗണിലേക്ക് പോകുന്നതിനായി ഓട്ടം വിളിച്ചാൽ വാഹനങ്ങൾ എത്താത്തത് പ്രദേശവാസികളെ ഏറെ ദുരിതത്തിലാഴ്ത്തുന്നു.