march

വൈക്കം : വെച്ചൂർ തണ്ണീർമുക്കം ബണ്ട് ഭാഗത്ത് മത്സ്യത്തൊഴിലാളികളുടെ വലകൾ ഫിഷറീസ് ഉദ്യോഗസ്ഥർ കത്തിച്ച് നശിപ്പിച്ചതിൽ പ്രതിഷേധം വ്യാപകമാകുന്നു. ധീവരസഭ ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വൈക്കം മത്സ്യഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, വൈക്കം ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലിനായി സൂക്ഷിച്ചിരുന്ന ഒൻപത് വലകൾ ഡീസൽ ഉപയോഗിച്ച് കത്തിച്ച് നശിപ്പിച്ചതെന്ന് സമരക്കാർ ആരോപിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം നഷ്ടമായി. ഇരുപത് എം.എം.ൽ താഴെയുള്ള വലകൾ നിരോധിക്കുന്നതിന്റെ പേരിൽ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് നേതാക്കൾ ആരോപിച്ചു. നിരോധനം പിൻവലിക്കാൻ ഫിഷറീസ് വകുപ്പ് തയ്യാറാകണെമന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.രാജു, കെ.കെ.അശോക് കുമാർ, കെ.എസ്.കുമാരൻ, വി.എം.ഷാജി, കുട്ടപ്പൻ, മോഹനൻ, സുഗുണൻ, മോഹനൻ ചായപ്പള്ളി എന്നിവർ പ്രസംഗിച്ചു.