കോട്ടയം: ചികിത്സയിലിരിക്കെ മരിച്ച റിമാൻഡ് പ്രതി കാഞ്ഞിരപള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖിന്റെ (36)
മൃതദേഹം സൂക്ഷിച്ചിരുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയ്ക്ക് മുന്നിൽ ഇന്നലെ രാവിലെ മുതൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനെത്തിയ ഫോർട്ടുകൊച്ചി ആർ.ഡി.ഒയും സബ്കളക്ടറുമായ ഹാരീസ് റഷീദിന്റെ കാൽക്കൽ സഹോദരൻ ഷെമീർ കരുഞ്ഞുകൊണ്ടു വീണു. ഷെഫീഖിനെ മർദ്ദിച്ചു കൊന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഷെമീറിന്റെ വിലാപം പരിസരത്തെ ദുഖത്തിലാഴ്ത്തി. കൂടി നിന്ന രാഷ്ട്രീയ നേതാക്കളടക്കമുള്ളവരാണ് ഷമീറിനെ സാന്ത്വനിപ്പിച്ചത്. ഇതിനിടെ പൊലീസിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത് നേരിയ സംഘർഷത്തിനും കാരണമായി.
ഇന്നലെ രാവിലെ മുതൽ മെഡിക്കൽ കോളേജ് പരിസരം സംഘർഷ ഭരിതമായിരുന്നു. ആർ.ഡി.ഒ ഹാരിസ് റഷീദിന്റെയും തൃപ്പൂണിത്തറ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ബിശ്വജിതിന്റെയും നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ്. ഇതിനിടെയാണ് സഹോദരൻ ഷമീർ കരഞ്ഞു കാലുപിടിച്ചത്. സാന്ത്വനിപ്പിച്ച് മുന്നോട്ട് നീങ്ങിയ ആർ.ഡി.ഒ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പു നൽകി. ഇതിനിടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ പൊലീസിന് നേരെ തിരഞ്ഞത് സ്ഥിതി വഷളാക്കി. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് രംഗം ശാന്തമാക്കിയത്. നാലു മണിയോടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
''മുഖത്തും തലയിലും മർദ്ദിച്ചു''
ഷെഫീഖിന്റെ മുഖത്തും തലയിലും പൊലീസ് മർദ്ദിച്ചെന്ന് സഹോദരൻ ഷമീർ പറഞ്ഞു. മുഖം തിരിച്ചറിയാൻ പോലും കഴിയില്ല. തലയുടെ മുറിവ് പൊലീസ് മർദ്ദനത്തിലുണ്ടായതാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം'' ഷമീർ പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
ഷഫീഖിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജയിൽ ഡി.ജി.പിയും കോട്ടയം ജില്ലാ പൊലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകി.
അന്വേഷണം പ്രഹസനം കോൺഗ്രസ്
ഷെഫീഖ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഹസനമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. പൊലീസിന്റെ ക്രൂരമായ മർദ്ദനമാണ് മരണത്തിനിടയാക്കിയതെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കസ്റ്റഡിയിലെടുത്തിട്ട് ആറു ദിവസങ്ങൾ പിന്നിട്ടിട്ടും കുടുംബത്തിന് യാതൊരു അറിവുമില്ലായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിട്ടും കുടുബത്തെ അറിയിച്ചില്ല. ശരീരമാസകലം ക്ഷതമേറ്റ മുറിവുകളുമുണ്ട്. നീതിപൂർവമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. പൊലീസ് അന്വേഷിച്ചാൽ യാഥാർത്ഥ്യം പുറത്തുവരില്ലന്നും, സ്വതന്ത്രമായ അന്വേഷണം നടത്തണം. ഷെഫീഖിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.