പാലാ : യാത്രാക്കാരെ ചുറ്റിച്ച് പാലാ ടൗൺ ബസ് സ്റ്റാൻഡിൽ ബസുകൾ തോന്നുംപടി പാർക്ക് ചെയ്യുന്നത് കർശനമായി തടയുമെന്ന് ഡിവൈ.എസ്.പി സാജു വർഗ്ഗീസ് പറഞ്ഞു. ഇതു സംബന്ധിച്ച് ട്രാഫിക് പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അനധികൃത പാർക്കിംഗിനെപ്പറ്റി ഇന്നലെ 'കേരളകൗമുദി " വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് അടിയന്തര ഇടപെടലുണ്ടായത്. രാമപുരം, ഉഴവൂർ ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ ടൗൺ ബസ് സ്റ്റാൻഡിൽ ടൈംകീപ്പിംഗ് യൂണിറ്റിന് എതിർവശത്തായാണ് നിറുത്തേണ്ടിയിരുന്നത്. എന്നാൽ പല ബസുകളും പൊലീസ് എയ്ഡ് പോസ്റ്റിന് മുമ്പിലേക്ക് മാറ്റി നിറുത്തിയിടുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. സ്റ്റാൻഡിൽ പൊലീസിന്റെ ബൈക്ക് ടീം നിരന്തരം പട്രോളിംഗ് നടത്തണമെന്ന് നിർദ്ദേശി ച്ചിട്ടുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു. എന്നാൽ ഇന്നലെയും ചില ബസുകൾ പൊലീസ് നിർദ്ദേശം അവഗണിച്ച് അനധികൃത പാർക്കിംഗ് നടത്തുന്നുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഇന്ന് മുതൽ കർശന നടപടികൾ ഉണ്ടാകും.