കുറവിലങ്ങാട് : എം.സി റോഡിൽ കുര്യത്ത് നിയന്ത്രണം വിട്ട കാറും മിനി വാനും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട മിനി വാൻ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മലക്കം മറിഞ്ഞു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കേറ്റില്ല. കുറവിലങ്ങാട് നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. മിനി വാൻ ഇടിച്ച് എം.സി റോഡരികിൽ ഇലക്ട്രിക് പോസ്റ്റ് തകർന്നു വീണ വിവരം അധികൃതരെ അറിയിച്ചിട്ടും ഏറെ വൈകിയാണ് ജീവനക്കാർ സംഭവസ്ഥലത്തെത്തിയത്. ഇത് ഏറെ പ്രതിഷേധത്തിനും ഇടയാക്കി. എം.സി റോഡിൽ നിരന്തരം അപകടം നടക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. പുതുവർഷത്തിൽ നാലാമത്തെ അപകടമാണ് വെമ്പള്ളിയ്ക്കും മോനിപ്പള്ളിക്കുമിടയിൽ നടക്കുന്നത്. കഴിഞ്ഞ ആഴ്ച എം.സി റോഡിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചിരുന്നു. എം.സി റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിതവേഗതയിലാണ് പോകുന്നത്. പട്ടിത്താനം മുതൽ ചോരക്കുഴി വരെയുള്ള 16 കിലോമീറ്റർ ദൂരമാണ് ഏറ്റവും അപകസാദ്ധ്യതയുള്ളത്.