
കുമരകം: കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ കണ്ടു പഠിച്ച് സ്വന്തം സംസ്ഥാനത്ത് നടപ്പാക്കാൻ ലക്ഷ്യമിട്ട് മദ്ധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷ താക്കൂറും 12 അംഗ സംഘവും കുമരകത്തെത്തി. കേരളവും മദ്ധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്കായി പരസ്പര സഹായ സഹകരണ കരാർ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. തുടർന്നാണ് മന്ത്രി കുമരകത്ത് വന്നത്.
കുമരകത്തെയും അയ്മനത്തെയും വിവിധ യുണീറ്റുകൾ മന്ത്രി സന്ദർശിച്ചു. കയർപിരി, തെങ്ങുകയറ്റം, ഓല മെടയൽ, പായ് നെയ്ത്ത് , കള്ള് ചെത്ത് ,വല വീശൽ തുടങ്ങിയവ കണ്ടു മനസ്സിലാക്കി. മദ്ധ്യപ്രദേശ് ടൂറിസം ബോർഡ് ഡയറക്ടർ മനോജ് കുമാർ സിംഗ്, അഡീഷണൽ ഡയറക്ടർ സോണിയ മീന , കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം കോ ഒാർഡിനേറ്റർ രൂപേഷ് കുമാർ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ജില്ല കോ ഒാർഡിനേറ്റർ ഭഗത് സിംഗ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. പെപ്പർ പദ്ധതി നടപ്പിലാക്കുന്ന വൈക്കത്തെ വിവിധ യൂണീറ്റുകളുടെ പ്രവർത്തനങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ സംഘം കണ്ടു പഠിക്കും. 18ന് മടങ്ങും.
ജനപങ്കാളിത്ത കേന്ദ്രീകൃതവും പരിസ്ഥിതി സൗഹൃദവുമായ ടൂറിസം പ്രവര്‍ത്തനങ്ങളുടെ പ്രസക്തി രാജ്യം തിരിച്ചറിഞ്ഞുവെന്നതാണ് ഈ ധാരണാ പത്രത്തിന്‍റെ പ്രധാന്യമെന്ന് കെ. രൂപേഷ് കുമാര്‍ പറഞ്ഞു.