കട്ടപ്പന: ഉദ്ഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ നടപടിയില്ല. മാട്ടുക്കട്ടയിൽ മാർക്കറ്റിനോടു ചേർന്ന് 8,66,214 രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ചില വാർഡുകളിൽ ഹരിത കർമസേന രൂപീകരിക്കാത്തതിനാലാണ് പ്ലാന്റ് തുറക്കാത്തതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പ്ലാന്റ് നിർമിച്ചത്. വാർഡുകളിൽ നിന്നു ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റാനായിരുന്നു പദ്ധതി. നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുകയും ജൈവ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കാൻ വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകുകയും ചെയ്തു. എന്നാൽ പ്ലാന്റ് തുറക്കാത്തതിനാൽ സൂക്ഷിച്ച മാലിന്യം ഒടുവിൽ കുഴികുത്തി മൂടേണ്ടിവന്നു. ഒരു വാർഡിൽ നിന്ന് രണ്ടുപേരെ തിരഞ്ഞെടുപ്പ് ഹരിത കർമ സേന രൂപീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ ചില വാർഡുകളിൽ ആളുകളെ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ജൈവ മാലിന്യം പ്ലാന്റിൽ നിക്ഷേപിച്ചശേഷം രാസവസ്തുക്കൾ തളിച്ചാണ് ജൈവവളമാക്കി മാറ്റേണ്ടത്. എന്നാൽ ആവശ്യമായ രാസവസ്തുക്കൾ ലഭ്യമാക്കാനും നടപടി സ്വീകരിച്ചില്ല.