pradosh

കട്ടപ്പന: ബില്ലിൽ മദ്യത്തിന്റെ അളവ് കുറഞ്ഞതിൽ പ്രകോപിതനായ യുവാവ് ബിവറേജസ് ഔട്ട്‌ലെറ്റിലെ സുരക്ഷ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. കട്ടപ്പന ബിവറേജസ് ഔട്ട്‌ലെറ്റിലെ ജീവനക്കാരൻ നരിയംപാറ തെക്കേക്കുറ്റ് സന്തോഷ് എബ്രഹാമിന്റെ (45) ഇടതുകൈയിലാണ് കുത്തേറ്റത്. സംഭവത്തിൽ തങ്കമണി സ്വദേശി പ്രദോഷിനെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

ഇന്നലെ വൈകിട്ടാണ് 4.45ഓടെ സംഭവം. പ്രദോഷ് അര ലിറ്റർ മദ്യമാണ് കൗണ്ടറിൽ പറഞ്ഞതെങ്കിലും പൈന്റാണ് ബില്ലിൽ കണ്ടത്. തുടർന്ന് ജീവനക്കാരെ വിവരം ധരിപ്പിച്ചപ്പോൾ ബില്ല് തിരികെ വാങ്ങി അര ലിറ്റർ മദ്യത്തിന്റെ ബില്ല് നൽകി. മദ്യം വാങ്ങി പുറത്തിറങ്ങിയ പ്രദോഷ് ജീവനക്കാരെ ഒന്നടങ്കം അസഭ്യം വിളിക്കുകയായിരുന്നു. ഇയാളെ പറഞ്ഞയയ്ക്കാൻ സന്തോഷ് ശ്രമിച്ചപ്പോൾ കൈയിലുണ്ടായിരുന്ന ബീയർ കുപ്പി പൊട്ടിച്ച് കൈയിൽ കുത്തുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. തുടർന്ന് ഒപ്പമെത്തിയയാളുടെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷിന്റെ കൈയിൽ മൂന്ന് തുന്നലുണ്ട്.