വെച്ചൂർ : ബണ്ട് റോഡ്-അംബികാമാർക്കറ്റ് റോഡിൽ മോഡേൺ റൈസ് മില്ലിന് സമീപം കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ തുറന്നു. വെച്ചൂർ പഞ്ചായത്ത് തണൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജനകീയ ഹോട്ടലിൽ 20 രൂപയ്ക്ക് ഊണ് ലഭിക്കും. പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട 10 പേർക്ക് ഇവിടെ നിന്ന് സൗജന്യമായി ഭക്ഷണം നൽകും. രാവിലെ 11 മുതൽ 3 വരെ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ നടത്തിപ്പിന് കുടുംബശ്രീ അംഗങ്ങളായ ദീപ്തി മോൾ, റാണി, തങ്കമ്മ എന്നിവരാണ് നേതൃത്വം നൽകുന്നത്. ബിരിയാണി 100 രൂപയ്ക്കും ചിക്കൻ റോസ്റ്റ് ,ചിക്കൻ കറി എന്നിവ 80 രൂപയ്ക്കും ലഭിക്കും. ഇതിനു പുറമെ മറ്റ് ഭക്ഷണങ്ങളും മിതമായ നിരക്കിൽ ലഭ്യമാണ്. ജനകീയ ഹോട്ടിന്റെ ഉദ്ഘാടനം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ.മണിലാൽ,ആൻസി തങ്കച്ചൻ,സ്വപന മനോജ്, ഗീതാസോമൻ, ബിന്ദു രാജു, സി ഡി എസ് ചെയർപേഴ്‌സൺ രതി മോൾ, സംരംഭ പരിശീലക ലത തുടങ്ങിയവർ പങ്കെടുത്തു.