ചങ്ങനാശേരി: പാടശേഖരങ്ങളിൽ ഒരു നെല്ലും ഒരു മീനും പദ്ധതിയുമായി ഫിഷറീ സ് വകുപ്പ്. ജനകീയ മത്സ്യക്കൃഷിയുടെ ഭാഗമായി ചങ്ങനാശേരിയിൽ അഞ്ച് പാടശേഖരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. വർഷത്തിൽ ഒരു തവണ മാത്രം കൃഷി ഇറക്കുന്ന പാടശേഖരങ്ങളിൽ അധിക വരുമാനം എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പായിപ്പാട് കൃഷിഭവന്റെ പരിധിയിൽ കോമങ്കേരി, എട്യാകരി, കൊല്ലാപുരം - ചിറക്കരവയൽ, പനങ്ങോട്ടടി പാടശേഖരങ്ങളിലും ചങ്ങനാശേരി നഗരസഭ പരിധിയിൽ ഉലക്കത്താനം പാടശേഖരത്തിലുമാണ് പദ്ധതി നടപ്പാക്കുക. കട്ട്ല, രോഹു, മൃഗാൾ, ഗ്രാസ് കാർപ് എന്നീ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യം ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷയും പദ്ധതിക്കുണ്ട്. പാടശേഖരത്തിന്റെ ഒരു ഭാഗത്ത് വെള്ളം കെട്ടി നിർത്തിയ ശേഷം ഇവിടെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ബാക്കി വരുന്ന പാടശേഖരത്ത് കൃഷിയും ചെയ്യും. വിളവെടുപ്പ് കഴിയുന്നതോടെ പാടശേഖരങ്ങളിൽ വെള്ളം കയറ്റി മീനുകളെ ഇവിടെ നിക്ഷേപിക്കും. അടുത്ത കൃഷി ആരംഭിക്കുന്നതിനു മുൻപായി മീനുകളെ വിൽപന നടത്താനും സാധിക്കും. ഇതിലൂടെ കർഷകർക്ക് അധികവരുമാനം ലഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കുന്നു.