jankar

കോട്ടയം: കൊവിഡ് പടർന്നതോടെ നിർത്തലാക്കിയ വൈക്കം-തവണക്കടവ് ജങ്കാർ ഫെറി സർവീസ് നിശ്ചലാവസ്ഥയിൽ. മാസം പത്ത് കഴിഞ്ഞിട്ടും ഫെറി സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് അധികൃതർക്ക് ഒരാലോചനപോലും ഇല്ലായെന്നത് നാട്ടുകാരെ ആത്ഭുതപ്പെടുത്തുകയാണ്. നൂറു കണക്കിന് യാത്രക്കാരും കോട്ടയം ജില്ലയിൽ നിന്ന് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കെട്ടിട നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്നതും ഈ ജങ്കാർ സർവ്വീസ് വഴിയാണ്.

വൈക്കം - ചേർത്തല താലൂക്കുകളെ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിലെ വൈക്കം -തവണക്കടവ് ഫെറിയിലെ ജങ്കാർ സർവീസ് ഏതാനും വർഷം മുമ്പ് മുടങ്ങിയിരുന്നു. ജനങ്ങളുടെ നിരന്തര പ്രക്ഷോഭങ്ങളെ തുടർന്നാണ് ഇത് പുനരാരംഭിച്ചത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് നിർമ്മാണ മേഖലയിൽ സ്തംഭനമുണ്ടായതോടെ വീണ്ടും ജങ്കാർ സർവീസ് നിലക്കുകയായിരുന്നു. കൊച്ചിയിൽ റോ റോ സർവീസും മറ്റിടങ്ങളിൽ ജങ്കാർ സർവീസും പുനരാരംഭിച്ചിട്ടും വൈക്കം-തവണക്കടവ് സർവ്വീസ് ആരംഭിക്കാത്തത് ചരക്ക് ഗതാഗതത്തേയും സാരമായി ബാധിച്ചിട്ടുണ്ട്.

സമസ്ത മേഖലകളിലും സർക്കാർ ഇളവ് നൽകി. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എന്നാൽ ഇവിടെ ജങ്കാർ സർവ്വീസ് പുനരാരംഭിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. വൈക്കം നഗരസഭയും ചേന്നംപള്ളിപ്പുറം പഞ്ചായത്തും സംയുക്തമായിട്ടാണ് ജങ്കാർ സർവീസ് നടത്തുന്നത്. സർവ്വീസിന്റെ കരാർ കൊച്ചിൻ ഫെറി സർവ്വീസിനാണ് നല്കിയിട്ടുള്ളത്.

വൈക്കം- തവണക്കടവ് ജങ്കാർ സർവ്വീസിൽ ഓപറേറ്റിംഗ് വിംഗിലുണ്ടായിരുന്ന പത്ത് തൊഴിലാളികൾക്കും പത്ത് അനുബന്ധ തൊഴിലാളികൾക്കും ഇപ്പോൾ തൊഴിലില്ല. ഇതോടെ ഇവരുടെ കുടുംബവും പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഓണക്കാലത്ത് ഇവർക്ക് ധനസഹായം നൽകണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യവും അധികൃതർ നിരസിച്ചു. കിലോമീറ്ററുകൾ യാത്രാലാഭമുള്ള ജങ്കാർ സർവ്വീസ് ഉടൻ ആരംഭിക്കണമെന്നാണ് ആലപ്പുഴ, കോട്ടയം ജില്ലയിൽ നിന്നുള്ളവരുടെ ആവശ്യം.