വെച്ചൂർ : വെച്ചൂർ പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി പൂർണമായും നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി സി.കെ.ആശ എം.എൽ.എയുടെ പ്രത്യേക താത്പര്യപ്രകാരം ക്ഷീരവികസന വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ഗുണഭോക്താക്കളിൽ എത്താതെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പദ്ധതി നടപ്പിലാക്കാത്തതിന്റെ കാരണം കർഷകരുടെ മേൽ കെട്ടിവയ്ക്കാനാണ് ഉദ്യോഗസ്ഥ ശ്രമം. പത്ത് ലക്ഷം രൂപയാണ് ഫണ്ടിൽ നിന്ന് ചെലവഴിക്കാനായത്. ഫെബ്രുവരി പത്തിന് മുമ്പ് പദ്ധതി തുക ചെലവഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്ന് ക്ഷീരവികസന വകുപ്പ് അധികാരികൾ മുന്നറിയിപ്പ് നൽകി. വെച്ചൂർ പഞ്ചായത്തിൽ അംബികകാമാർക്കറ്റ്, ഇടയാഴം, കുടവെച്ചൂർ എന്നിവിടങ്ങളിലായി മൂന്ന് ക്ഷീരസംഘങ്ങളാണ് പ്രവർത്തിച്ചുവരുന്നത്. പൂർണമായും കാർഷികമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് പശുവളർത്തൽ മുഖ്യതൊഴിലാണ്. ഒരു പശു മുതൽ അഞ്ചു പശുക്കളെ വരെ വളർത്തി ഉപജീവനം നടത്തുന്ന സ്ത്രീകൾ നിരവധിയാണ്.

അനുബന്ധ തൊഴിൽ

കാലിവളർത്തൽ നെൽകൃഷിയുടെ അനുബന്ധ തൊഴിലായി സ്വീകരിക്കുന്ന കർഷകരുമുണ്ട്. കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് മറ്റു മേഖലകളിൽ നിന്ന് വരുന്നവരും പശുവളർത്തൽ തൊഴിലായി സ്വീകരിക്കാൻ തയ്യാറാണ്. തുടർച്ചയായ വെള്ളപ്പൊക്കം മൂലം കൃഷി നാശം സംഭവിക്കുന്ന കർഷകർ നെൽകൃഷിയിലും, പശുവളർത്തലിലും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്.

വെച്ചൂർ പശുവിന്റെ നാട്ടിൽ പശു വളർത്തി നിത്യജീവിതം നയിക്കുന്ന കർഷകരെ നിലനിറുത്താൻ സർക്കാർ അനുവദിച്ച ഫണ്ട് മുൻകൂറായി വിതരണം ചെയ്ത് പശുക്കളെ വാങ്ങാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണം.

സി.എസ്.രാജു (കർഷകസംഘടന സംസ്ഥാനകമ്മിറ്റി അംഗം)