ചങ്ങനാശേരി: കുറിച്ചി- വാകത്താനം ഗ്രാമപഞ്ചായത്തുകളുടെ സംഗമ പ്രദേശമായ, പുഴയും നെൽപാടങ്ങളം നിറഞ്ഞ കളമ്പാട്ടുചിറയിൽ നാലുമണിക്കാറ്റ് മാതൃകയിൽ വിനോദ-വിശ്രമകേന്ദ്രം ഒരുക്കണമെന്ന ആവശ്യമുയരുന്നു. മാടപ്പള്ളി-തെങ്ങണാ ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന തോട് കളമ്പാട്ടുചിറയിലെത്തി ഒരുഭാഗം പടിയറക്കടവിലേക്കും മറ്റൊരു ഭാഗം ചാലച്ചിറ-കണ്ണമ്പേരൂർചിറ വഴി കൊടൂരാറ്റിലേക്കും ഒഴുകുകയാണ്. വാകത്താനം പഞ്ചായത്തിന്റെ ഭാഗമായ പാടത്ത് നെൽകൃഷിയുണ്ടെങ്കിലും കുറിച്ചിയുടെ ഭാഗമായ കരിക്കണ്ടംപാടം തരിശാണ്.
കളമ്പാട്ടുചിറയുടെ ഭംഗി തിരിച്ചറിഞ്ഞ് ചില സന്നദ്ധസംഘടനകൾ ചെടികളും പൂമരങ്ങളും മറ്റും വച്ചുപിടിപ്പിച്ചെങ്കിലും എല്ലാം ഉപക്ഷിക്കപ്പെട്ട നിലയിലായി. വാകത്താനം, കുറിച്ചി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന തോടിന് സംരക്ഷണഭിത്തി കെട്ടുകയും റോഡരികിൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്താൽ സായാഹ്നങ്ങളിൽ കുടുംബങ്ങൾക്ക് സമയം ചെലവഴിക്കാനുള്ള അവസരവും ലഭിക്കും.
പ്രദേശത്തിന്റെ വികസനപ്രവർത്തനങ്ങളും മേൽനോട്ടവും കുടുംബശ്രീയെ ഏൽപ്പിച്ചാൽ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും. ചാലച്ചിറ തോട്ടിലെ വെള്ളം ഉപയോഗിച്ച് നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്.
സഞ്ചാരികളെ ആകർഷിക്കാൻ
കളമ്പാട്ടുചിറ മുതൽ ചാലച്ചിറ വരെ സംരക്ഷണ ഭിത്തി കെട്ടണം
തോടിന്റെ ഇരുകരകളിലും ബണ്ട് സ്ഥാപിച്ച് സുരക്ഷിതമാക്കണം
തോടിന് ഇരുവശത്തുമുള്ള തരിശുപാടത്ത് നെൽകൃഷി തുടങ്ങണം
പെഡൽബോട്ടുകളും വിശ്രമകേന്ദ്രങ്ങളും ഭക്ഷണശാലകളും വേണം
വരുന്നവർക്ക് ചൂണ്ടയിടാനും വലവീശാനുമുള്ള സൗകര്യം ഒരുക്കണം
കളമ്പാട്ടുചിറയിൽ നാലുമണിക്കാറ്റുമാതൃകയിൽ വിനോദ-വിശ്രമകേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ത്രിതലപഞ്ചായത്തുകൾക്കും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനും നിവേദനം നൽകും.
-ഇത്തിത്താനം വികസനസമിതി
കളമ്പാട്ടുചിറ പേരിന്റെ ചരിത്രവഴി
വാഴപ്പള്ളിയുടെ ഭാഗമായിരുന്ന ഇത്തിത്താനം ഗ്രാമത്തിൽപ്പെട്ട കളമ്പാട്ടുചിറയ്ക്കും ചാലച്ചിറയ്ക്കും ചരിത്രപരമായി ബന്ധമുണ്ട്. ചാല, ശാല എന്നീ പേരുകളിൽ ഒരുകാലത്ത് വേദപഠനകേന്ദ്രങ്ങൾ നിലനിന്നിരുന്നു. വാഴപ്പള്ളിക്ക് സാളഗ്രാമം എന്നും പേരുണ്ട്. വാഴപ്പള്ളി അറിയപ്പെടുന്ന ഒരു വേദപഠനകേന്ദ്രമായിരുന്നു. പിന്നീട് ചാലകളെല്ലാം അറിയപ്പെടുന്ന കമ്പോളങ്ങളായി മാറി. ചാലയിൽ തേവരുടെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന പ്രദേശമാണ് പിന്നീട് ചാലച്ചിറയായി മാറിയതെന്ന് ചരിത്രകാരന്മാർ പറയുന്നു. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ അടുത്തകാലത്തുവരെ പ്രദേശങ്ങളിൽ ലഭ്യമായിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ബാധയൊഴിപ്പിക്കലിന്റെ ഭാഗമായി കളമെഴുത്തുംപാട്ട് നടത്തിയിരുന്നു. കളമെഴുത്തുംപാട്ട് നടത്തിയിരുന്ന പ്രദേശത്തെ പിന്നീട് കളമ്പാട്ടുചിറ എന്നുവിളിച്ചു പോന്നുവെന്ന് പഴമക്കാർ പറയുന്നു. മീൻ പിടിക്കാനായി പുഴയിൽ ചിറയോ വേലിയോ കെട്ടുന്നതിനെ കളമ്പ് കെട്ടുക എന്ന് പറഞ്ഞിരുന്നതുകൊണ്ട് കളമ്പുകെട്ടുക എന്നത് കളമ്പാട്ടുചിറയായതാണെന്നും അഭിപ്രായമുണ്ട്.