books

കോട്ടയം: അക്ഷര നഗരമായ കോട്ടയത്ത് സാഹിത്യ മ്യൂസിയവും ഉയരുന്നു. സംസ്ഥാന ബഡ്ജറ്റിൽ ഇതിന് ഫണ്ട് അനുവദിച്ചു. എഴുത്തുകാരുടെ ലോകത്തെ ആദ്യ സഹകരണസംഘമായ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാ പ്രസ് വളപ്പിലാണ് സാഹിത്യ മ്യൂസിയം.

മലയാളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എസ് പ്രസിൽ ഇംഗ്ലീഷ് മിഷനറി ബെഞ്ചമിൻ ബെയ്‌ലിയാണ് 1821ൽ അച്ചടി യന്ത്രം രൂപ കൽപ്പന ചെയ്തത്. തടിയിൽ മലയാള അക്ഷരങ്ങൾ വാർത്ത് ലണ്ടനിൽ കൊണ്ടു പോയാണ് അച്ചടി അക്ഷരങ്ങൾ തയ്യാറാക്കിയത്. ബൈബിൾ മലയാള ഭാഷയിലേക്ക് തർജമ ചെയ്തതതിനു പുറമേ ഇംഗ്ലീഷ്, മലയാളം മലയാളം ഇംഗ്ലീഷ് നിഘണ്ടുവിന് പിന്നിലും ബെയ്‌ലിയായിരുന്നു. കേരളത്തിലെ ആദ്യ കോളേജ് , കോളേജ് മാഗസിൻ, ആദ്യ ബൈബിൾ, ആദ്യ നിഘണ്ടു , ആദ്യ സമ്പൂർണ സാക്ഷരതാ നഗരം തുടങ്ങി അക്ഷരവും അച്ചടിയും ജന്മം കൊണ്ട കോട്ടയത്തിന്റെ സാംസ്കാരിക ഗരിമയ്ക്ക് ശോഭ പകരുന്നതാകും സാഹിത്യ മ്യൂസിയം.

ഫെബ്രുവരി 8ന് തറക്കല്ലിടും

' അച്ചടി തറവാടായ കോട്ടയത്ത് ഒരു സാഹിത്യ മ്യൂസിയം വേണമെന്ന നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിരുന്നു. സർക്കാർ അത് അംഗീകരിച്ചു. നാട്ടകത്ത് എസ്.പി.സി.എസ് വക നാലേക്കർ സ്ഥലത്ത് മ്യൂസിയത്തിന് ഫെബ്രുവരി 8ന് തറക്കല്ലിടും. മ്യൂസിയം പൂർത്തിയാവുമ്പോൾ അതു മലയാള സാഹിത്യത്തിന്റെയും അച്ചടിയുടെയും ചരിത്ര കേന്ദ്രമാകും. ചരിത്രാതീത കാലം മുതലുള്ള ലിപികൾ, പുസ്തകങ്ങൾ തുടങ്ങി ചരിത്ര ഗവേഷണ വിദ്യാർത്ഥികൾക്കാവശ്യമായതെല്ലാം കാണാൻ അവസരമുണ്ടാകും. ഓപ്പൺ എയർ തീയറ്റർ, സെമിനാർ ഹാൾ, റിസർച്ച് സെന്റർ, ലോകത്തുള്ള എല്ലാ പ്രസിദ്ധീകരണങ്ങളുടെയും പ്രദർശനം എന്നിവ ഒരുക്കും.

വി.എൻ.വാസവൻ, സി.പി.എം ജില്ലാ സെക്രട്ടറി