കോട്ടയം: ഇതുവരെ കാര്യമായൊന്നും ലഭിച്ചിരുന്നില്ലെങ്കിലും അവസാന ബഡ്ജറ്റിൽ ചെറിയൊരു തലോടൽ. അഞ്ചു വർഷത്തിനിടെ ആദ്യമായി റബറിന് പരിഗണന നൽകി.
മുൻ ബഡ്ജറ്റുകളിലിടം പിടിച്ച റബർ വ്യവസായ പാർക്കെന്നത് റബറധിഷ്ടിത വ്യവസായങ്ങളുടെ ഹബ്ബെന്നായി പുതിയ പ്രഖ്യാപനം. ഇതിനായി 26 ശതമാനം സർക്കാർ ഓഹരിയുള്ള കേരള റബർ ലിമിറ്റഡ് രൂപീകരിക്കും. 1050 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. അമുൽ മോഡലിൽ റബർ സംഭരിക്കുന്നതിനുള്ള സഹകരണസംഘം ഈ കമ്പനിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക.
വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചസ്ഥലമാണ് ആസ്ഥാനം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ന്യൂസ് പ്രിന്റ് ഏറ്റെടുക്കുന്നതിനുവേണ്ടി 250 കോടി രൂപ സർക്കാർ അനുവദിച്ചു കഴിഞ്ഞു. കമ്പനി രൂപീകരണത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി 4.5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. റബറിന്റെ തറവില 150ൽ നിന്ന് 170 രൂപയായത് ജില്ലയ്ക്ക് ഏറെ ആശ്വാസമായി. ആദ്യമായാണ് എൽ.ഡി.എഫ് സർക്കാർ തറവില ഉയർത്തിയത്. കേരളാ കോൺഗ്രസിന്റെ മുന്നണിമാറ്റത്തോടെ റബർ മേഖലയ്ക്ക് നൽകിയ കരുതൽ ജോസ് കെ.മാണിക്കുള്ള അംഗീകാരം കൂടിയായി.
ജില്ലയ്ക്ക് പ്രയോജനപ്പെടുന്ന മറ്റ് വാഗ്ദാനങ്ങൾ
നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി
തേങ്ങയുടെ സംഭരണ വില 27 ൽ നിന്ന് 32 രൂപയായി.
മേജർ സർവകാലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 125 കോടി
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് 5 കോടി രൂപ
പൊതു മേഖലാ സ്ഥാപനങ്ങൾക്ക് 250 കോടി
ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കും
വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ്
അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് പായിപ്പാട്ട് പൊതു സൗകര്യം
ഐ.ടി.ഐകളുടെ നവീകരണത്തിന് 51 കോടി
മെഡിക്കൽ കോളേജ്, ജില്ലാ, താലൂക്ക് ആശുപത്രികളിൽ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ്
നെൽകൃഷി വികസനത്തിന് 116 കോടി
എസ്.പി.സി.എസിന്റെ പ്ളാറ്റിനം ജൂബിലിയിൽ കോട്ടയത്ത് സാഹിത്യ മ്യൂസിയം
പുനലൂർ- കോന്നി- പ്ലാച്ചേരി - പൊൻകുന്നം റോഡ് വികസനം
ശബരിമല ഉൾപ്പെടെയുള്ള എയർപോർട്ടുകൾക്ക് ഡി.പി.ആർ. തയാറാക്കാൻ 9 കോടി
അർദ്ധ അതിവേഗ റെയിൽപാതയുടെ പരിസ്ഥിതി പഠനവും സ്ഥലം ഏറ്റെടുക്കലും
ശബരി റെയിൽപാതയ്ക്കായി 2000 കോടിയിലധികം രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കും
താറാവു കർഷകർക്ക് പകർച്ചവ്യാധി ഇൻഷുറൻസ്
ചങ്ങനാശേരി - ആലപ്പുഴ റോഡ് വികസനം
'' കർഷകർക്ക് കൈത്താങ്ങായ ബഡ്ജറ്റാണ്. റബർ വിലസ്ഥിരതാ ഫണ്ട് 150 രൂപയിൽ നിന്ന് വർദ്ധിപ്പിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം''
- ജോസ് കെ.മാണി