കോട്ടയം: കോട്ടയത്തിന്റെ സമഗ്ര വികസനത്തിന് പുതിയ ബഡ്ജറ്റ് വഴിയൊരുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ പറഞ്ഞു.
റബർ തറവില 170 രൂപയാക്കി. നെല്ലിന്റെയും നാളികേരത്തിന്റെയും താങ്ങുവില ഉയർത്തി. സിയാൽ മോഡലിൽ റബർപാർക്ക് വെള്ളൂർ എച്ച്.എൻ.എൽ വളപ്പിൽ സ്ഥാപിക്കും. ശബരി റെയിൽപാത, എരുമേലി വിമാനത്താവളം, ചങ്ങനാശേരി ആലപ്പുഴ എലിവേറ്റഡ് ഹൈവേ, എന്നിവ കോട്ടയത്തിന്റെ മുഖച്ഛായ മാറ്റും.
കോട്ടയം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലുള്ള ആശുപത്രിയാക്കുന്നതിന് ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ചു. മെഡിക്കൽ കോളേജിലെ മൂന്നു വികസന പദ്ധതികൾക്കായി 564 കോടി രൂപയാണ് അനുവദിച്ചത്. പകർച്ചവ്യാധി തടയുന്നതിനുള്ള റിസർച്ച് സെന്ററും ഇവിടെ തുറക്കും. കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനും ആവശ്യമായ ഫണ്ട് ബഡ്ജറ്റിൽ ഉൾപ്പെടുത്തി.
ടൂറിസം മേഖലയുമായ് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ക്ഷേമനിധി ഏർപ്പെടുത്തിയതിന്റെ നേട്ടവും കുമരകം ഉൾപ്പെടെയുള്ള വിനോദസഞ്ചാരമേഖലയിലുള്ളവർക്ക് ലഭിക്കുമെന്നും വാസവൻ പറഞ്ഞു.