കോട്ടയം: കോട്ടയം പോർട്ട് പൂർണതോതിൽ ജലമാർഗംവഴിയുള്ള ചരുക്കുനീക്കത്തിന് പിന്തുണ അറിയിച്ച് തോമസ് ചാഴികാടൻ എം.പി. പോർട്ടിലെത്തിയ കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദേശീയ ജലപാതയെ ബന്ധിപ്പിക്കുന്ന പഴുക്കാനിലം കായലിലെ തടസങ്ങൾ നീക്കി ഗതാഗതം സുഗമമാക്കാൻ ഇൻലാൻഡ് വാട്ടർ അതോറിട്ടി ഒഫ് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് എം.പി അറിയിച്ചു. വർഷം മുഴുവൻ ജലയാനങ്ങൾ തടസമില്ലാതെ സർവീസ് നടത്താൻ നടപടി സ്വീകരിക്കും. ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കാൻ ചരക്കുനീക്കം പൂർണമായി ജലഗതാഗതത്തിലൂടെ നടത്തുന്നവർക്ക് ഇൻസെന്റീവ് പാക്കേജ് നടപ്പാക്കാൻ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മാനേജിംഗ് ഡയറക്ടർ എബ്രഹാം വറുഗീസ്,ഡയറക്ടർ എസ്.ബിജു,ജനറൽ മാനേജർ രൂപേഷ് ബാബു തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.