പാലാ: സംസ്ഥാന ബഡ്ജറ്റിൽ റബറിന് താങ്ങുവില പ്രഖ്യാപിച്ചതിന് പിന്നിൽ മാണി സി. കാപ്പനോ, ജോസ് കെ. മാണിയോ...? ഇക്കാര്യത്തിലുമുണ്ട് പാലായിലെ ഇടതുനേതാക്കൾ തമ്മിൽ തർക്കം.
ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പെ മാണി സി. കാപ്പൻ എം.എൽ.എയുടെ അഭിപ്രായം വന്നെങ്കിൽ ബഡ്ജറ്റിന് ശേഷമാണ് ജോസ് കെ.മാണി പ്രതികരിച്ചത്.
റബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു മാണി സി. കാപ്പൻ സമൂഹ മാദ്ധ്യമങ്ങളിൽ ബജറ്റ് അവതരിപ്പിക്കും മുമ്പെ കുറിച്ചത്. ദുരിതത്തിലായ റബർ കർഷകർക്ക് ആശ്വാസമേകാൻ 200 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ താൻ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിരുന്ന കാര്യവും കാപ്പൻ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ബഡ്ജറ്റിൽ 170 രൂപ മാത്രമാണ് താങ്ങുവില വന്നത്.
ഇതേ സമയം റബർ കർഷകർക്ക് താങ്ങായി താങ്ങുവില 170 രൂപാ ആക്കി ഉയർത്തിയ പ്രഖ്യാപനത്തിനു പിന്നിൽ ജോസ് കെ. മാണിയാണെന്ന് കേരളാകോൺഗ്രസ് എം നേതാക്കൾ പറയുന്നു. തങ്ങളുടെ ഇടതുമുന്നണി പ്രവേശന സമയത്ത് ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് ജോസ് കെ. മാണി എം.പിയും പ്രതികരിച്ചു.
മാണി സി. കാപ്പൻ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയത് ഡിസംബർ 28-നാണ് എന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുതന്നെ ഇറക്കിയ നിവേദനത്തിന്റെ പകർപ്പ് തെളിയിക്കുന്നു. എന്നാൽ ഇതിനും അഞ്ചുദിവസം മുമ്പ് നിവേദനം നൽകിയതായി ജോസ് കെ. മാണി പുറത്തിറക്കിയ നിവേദന രേഖയിൽ വ്യക്തമാണ്. എന്നാൽ രണ്ടുകൂട്ടരുടെയും ആവശ്യം ഒന്നായിരുന്നു; താങ്ങുവില 200 രൂപയാക്കണം.
പാലാ സീറ്റിനെ ചൊല്ലി ഒളിഞ്ഞും തെളിഞ്ഞും പരസ്പരം 'പണി' തുടങ്ങിയ ഇരുവരും ഇപ്പോൾ റബർ കർഷകരെ സഹായിക്കാൻ തങ്ങളാണ് മുൻകൈയെടുത്തതെന്ന വാദത്തിലും മുന്നിലാണ്.