vaccine

കോട്ടയം: കൊവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവയ്പ്പിന് ഇന്ന് തുടക്കമാകും. എട്ടിന് നടത്തിയ ഡ്രൈ റണ്ണിന്റെ അടിസ്ഥാനത്തിൽ ആവശ്യമെന്ന് കണ്ട അധിക ക്രമീകരണങ്ങളും ഏർപ്പെടുത്തിയാണ് ജില്ലയിലെ ഒൻപതു വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയത്.

രാവിലെ 10.30നാണ് വാക്‌സിൻ വിതരണത്തിന് തുടക്കം കുറിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെയായിരിക്കും കുത്തിവയ്പ്പ്. രജിസ്റ്റർ ചെയ്തിട്ടുള്ള ആരോഗ്യ പ്രവർത്തകരിൽ ഒരു മണിക്കൂറിൽ 12 പേർ എന്ന കണക്കിൽ 100 പേർക്കു വീതമാണ് ഓരോ ദിവസവും വാക്‌സിൻ നൽകുക. എല്ലാ കേന്ദ്രങ്ങളിലും സന്ദർശനം നടത്തിയ ജില്ലാ കളക്ടർ അന്തിമ ക്രമീകരണങ്ങൾ വിലയിരുത്തി.

വാക്‌സിൻ സ്വീകരിക്കുന്നതിന് ജനുവരി എട്ടുവരെ 23839 ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ഒരാൾക്ക് രണ്ടു ഡോസ് മരുന്നാണ് നൽകുക. ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങൾക്കുശേഷമാണ് രണ്ടാമത്തെ ഡോസ് . ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള 29170 ഡോസ് കോവി ഷീൽഡ് വാക്‌സിനാണ് നിലവിൽ ജില്ലയിൽ ലഭ്യമായിട്ടുള്ളത്.

വാക്‌സിൻ വിതരണ നടപടികൾ ഏകോപനച്ചുമതല സബ് കളക്ടർ രാജീവ്കുമാർ ചൗധരി, എ.ഡി.എം അനിൽ ഉമ്മൻ, പാലാ ആർ.ഡി.ഒ എം.ടി അനിൽ കുമാർ എന്നിവർക്കാണ്.

ജില്ലയിലെ കേന്ദ്രങ്ങൾ
1.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി
2.പാലാ ജനറൽ ആശുപത്രി
3.വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി
4.ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക ആശുപത്രി
5.കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്റർ
6.കോത്തല സർക്കാർ ആയുർവേദ ആശുപത്രി
7.ചങ്ങനാശേരി ജനറൽ ആശുപത്രി
8.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
9.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം