aadithya
ആദിത്യ രവി.

നാലുമുക്കിലെ മുത്തുവേലിൽ കുടുംബത്തിൽ അപ്രതീക്ഷിത ആനന്ദം


കട്ടപ്പന: ''അവളുയർത്തിയ ശിരസിനോളം വരില്ലൊരു വാളിന്റെ മൂർച്ചയും'' നിയമസഭയിൽ ബഡ്ജറ്റ് അവതരണത്തിനിടെ ധനമന്ത്രി ഡോ. തോമസ് ഐസക് ഈ വരികൾ ചൊല്ലിയപ്പോൾ ആഹ്‌ളാദം ആലയടിച്ചത് ഇരട്ടയാർ നാലുമുക്കിലെ മുത്തുവേലിൽ കുടുംബത്തിലാണ്. ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ആദിത്യ രവി രണ്ടുവർഷം മുമ്പ് എഴുതിയ 'സ്ത്രീത്വം' എന്ന കവിതയിലെ വരികളാണ് ഇന്നലെ നിയമസഭയിൽ അലയടിച്ചത്. ബഡ്ജറ്റ് അവതരണം കേട്ട ഇരട്ടയാർ സ്‌കൂളിലെ അദ്ധ്യാപകർ ഉടൻതന്നെ ആദിത്യയെ വിളിച്ച് സന്തോഷം പങ്കുവച്ചു. തുടർന്ന് ധനമന്ത്രി കവിത ചൊല്ലുന്നത് ടി.വിയിൽ കുടുംബാംഗങ്ങൾക്കൊപ്പം കണ്ടതോടെ പറഞ്ഞറിയിക്കാനാകാത്ത ആഹ്‌ളാദത്തിലായിരുന്നു ഈ പതിനാറുകാരി. വിവരമറിഞ്ഞ് നിരവധിയാളുകൾ ആദിത്യയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
ഇരട്ടയാർ സെന്റ് തോമസ് സ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ ആധാരമാക്കിയാണ് ആദിത്യ 'സ്ത്രീത്വം' എന്ന കവിതയെഴുതിയത്. തുടർന്ന് ഈ കവിത സ്‌കൂൾ മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടെപ്പോഴോ അദ്ധ്യാപകരാണ് സംസ്ഥാന തലത്തിലേക്ക് കവിത അയച്ചുകൊടുത്തത്. അഞ്ചാം ക്ലാസ് മുതൽ കവിതാരചനയിൽ മികവുപുലർത്തുന്ന ആദിത്യ അമ്പതിൽപ്പരം കവിതകൾ ഇതിനോടകം എഴുതിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ബഡ്ജറ്റ് അവതരണത്തിലൂടെ അപ്രതീക്ഷിതമായി എത്തിയ ആനന്ദം കവിതാരചനയ്ക്ക് കൂടുതൽ പ്രചോദനമാകുമെന്ന് ആദിത്യ പറയുന്നു. അച്ഛൻ എൻ. രവി നാരകക്കാനം ഗവ. വെറ്ററിനറി ആശുപത്രിയിലെ ജകവനക്കാരനാണ്. വസന്തകുമാരിയാണ് അമ്മ. ഏകസഹോദരി അക്ഷയ രവി ഇരട്ടയാർ സെന്റ് തോമസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.