കട്ടപ്പന: ഇരട്ടയാർ നത്തുകല്ലിൽ പത്തിലധികം പേരെ പേപ്പട്ടി കടിച്ച് പരിക്കേൽപ്പിച്ചു. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ നത്തുകല്ല് ജംഗ്ഷനിലാണ് നായ ആദ്യമെത്തിയത്. ഇവിടെയുണ്ടായിരുന്ന നിരവധി പേരെ കടിച്ചശേഷം ജനവാസ കേന്ദ്രത്തിലേക്ക് പോയി. ഇവിടുത്തെ വീടുകളിലുണ്ടായിരുന്ന മുതിർന്നവർക്കും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികൾക്കും തൊഴുത്തിൽ കെട്ടിയിരുന്ന പശു അടക്കം നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പേപ്പട്ടിയെ വൈകുന്നേരത്തോടെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നത്തുകല്ലിനു സമീപം പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു.