വൈക്കം : സംസ്ഥാന സർക്കാരിന്റെ അവസാന ബഡ്ജറ്റിലും നേട്ടം കൊയ്ത് വൈക്കം. നിരവധി ജനക്ഷേമപദ്ധതികൾ പ്രഖ്യാപിക്കപ്പെട്ട ബഡ്ജറ്റിൽ വൈക്കം നിയോജകമണ്ഡലത്തിന്റെ അടിസ്ഥാനസൗകര്യ വികസനങ്ങൾക്കൊപ്പം കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിലേക്കുള്ള വൈക്കത്തിന്റെ ചുവടുവയ്പ്പ് കൂടിയായി ബഡ്ജറ്റ്. റബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബ് സ്ഥാപിക്കുന്നതിനുവേണ്ടി 26 ശതമാനം സർക്കാർ ഓഹരിയോടെ വെള്ളൂർ ആസ്ഥാനമായി കേരള റബർ ലിമിറ്റഡ് രൂപീകരിക്കുമെന്ന പ്രഖ്യാപനം വ്യാവസായിക രംഗത്ത് വലിയ പ്രതീക്ഷയാണ് വൈക്കത്തിന് നൽകുന്നത്. 1050 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന റബർ കമ്പനി വെള്ളൂർ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ മിച്ച സ്ഥലത്തായിരിക്കും കമ്പനി പ്രവർത്തിക്കുക. കമ്പനിയുടെ രൂപീകരണത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി 4.5 കോടി നീക്കിവെച്ചിട്ടുണ്ട്. ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിച്ചിട്ടുള്ള വൈക്കത്തെ നഗരസഭ കായലോര ബീച്ചിൽ സ്‌പോർട്ട്‌സ്, കൾച്ചറൽ ടൂറിസം സെന്റർ 1.80 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ജനപങ്കാളിത്ത ടൂറിസം പദ്ധതിയായ പെപ്പർ ഇൻഡ്യയിൽ ആദ്യമായി നടപ്പിലാക്കുന്ന വൈക്കത്തിന്റെ വിനോദസഞ്ചാരമേഖലയിലയുടെ വികസനം ലക്ഷ്യമിട്ടാണ് പുതിയ ടൂറിസം പ്രോാജക്ട് നടപ്പിലാക്കുന്നത്.
വെച്ചൂർ പൊലീസ് ഔട്ട്‌പോസ്റ്റിന് പുതിയ കെട്ടിടം
പരിമിതികളാൽ ബുദ്ധിമുട്ടുന്ന വെച്ചൂർ പൊലീസ് ഔട്ട്‌പോസ്റ്റിന് പുതിയ കെട്ടിടമെന്ന കാലങ്ങളായുള്ള ആവശ്യമാണ് സി.കെ.ആശ എം.എൽ.എയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ യാഥാർത്ഥ്യമാകുന്നത്. പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ ആദ്യഘട്ടമെന്ന നിലയിൽ 60 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രി റോഡ് നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
റോഡുകളും മിനുങ്ങും
വെച്ചൂർ ബണ്ട് റോഡ് ജങ്ഷൻഅംബികാമാർക്കറ്റ് റോഡ് ബിഎം ബിസി നിലവാരത്തിൽ നിർമാണം, ഇണ്ടംതുരുത്തിപ്പടി കോവിലകത്തുംകടവ് റോഡ് (ബിഎം ബിസി), വാഴമനനാണുപറമ്പ് റോഡ്, വൈപ്പിൻപടിവലിയാനപ്പുഴ റോഡും പാലങ്ങളും, വൈക്കം വാട്ടർ അതോറിട്ടിയിൽ പുതിയ ഓഫീസ് കോംപ്ലക്‌സും വാട്ടർ ടാങ്കും, തലയോലപ്പറമ്പ് ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം, വൈക്കത്ത് പുതിയ പൊലീസ് ക്വാർട്ടേഴ്‌സ് കോംപ്ലക്‌സ് എന്നിവയും ബഡ്ജറ്റിൽ ഇടംനേടിയ പദ്ധതികളാണ്.