gold

കോട്ടയം: വീട് പൂട്ടി ഗൾഫിലേക്ക് പറന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന 48 പവന്റെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടു. മാങ്ങാനം പാലൂർപ്പടി പുത്തൻപുരയ്ക്കൽ ഷീലയുടെ വീട്ടിലാണ് മോഷണം നടന്നത്. എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമായിട്ടില്ല.

വീടിന് രണ്ട് ഗേറ്റുകളാണ് ഉള്ളത്. ഒരു ഗേറ്റിന്റെ താഴ് അറുത്തുമുറിച്ച നിലയിലാണ്. അടുക്കളയുടെ ഗ്രില്ല് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട് നോക്കാൻ ഏല്പിച്ചിരുന്ന മീനടം സ്വദേശിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു.

ഷീല കുടുംബസമേതം ഗൾഫിലാണ്. വീട് നോക്കാനേൽപ്പിച്ച മീനടം സ്വദേശിയായ യുവാവ് ഇന്നലെ വീടിന്റെ പരിസരം വൃത്തിയാക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയും കബോർഡുകളും കുത്തിപ്പൊളിച്ച നിലയിലാണ്. വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിരുന്നു.

വിവരം ഉടൻതന്നെ മീനടം സ്വദേശി ഷീലയെ അറിയിച്ചു. അപ്പോഴാണ് അലമാരയിൽ 48 പവൻ ഉണ്ടായിരുന്ന വിവരം അറിയുന്നത്.

പൊലീസ് ഇന്നലെ രാത്രി പത്തുമണിയോടെ പുത്തൻപുരയ്ക്കൽ വീട്ടിലെത്തി അന്വേഷണം നടത്തി. യുവാവ് ആഴ്ചയിലൊരിക്കലെ ഇവിടെ എത്താറുള്ളു. ഷീലയുടെ വീട്ടിലെ സിസിടിവി പ്രവർത്തിക്കുന്നില്ല. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഇത്രയും സ്വർണം വീട്ടിൽ സൂക്ഷിച്ചത് ഉത്തരവാദിത്വമില്ലായ്മയാണെന്ന് പൊലീസ് പറയുന്നു.