കോട്ടയം: ടാറ്റ കമ്പനി ഭൂമി വിട്ടുനല്കും. മൂന്നാറിൽ വീണ്ടും ട്രെയിനിന്റെ ചൂളം വിളി മുഴങ്ങും. 97 വർഷങ്ങൾക്ക് മുമ്പ് നിലച്ച മൂന്നാർ- മാട്ടുപ്പെട്ടി മോണോ റെയിൽ വീണ്ടും ആരംഭിക്കുകയാണ് ലക്ഷ്യം. മലകൾ തുരന്നും ചെകുത്തായ താഴ്വരകളിലൂടെയും കടന്നുപോകുന്ന ലോക പൈതൃക റെയിൽവേയിൽ ഇടം പിടിച്ച ഡാർജിലിംഗ് ട്രെയിൻ സർവീസ് മാതൃകയാണ് മൂന്നാറിലും പരീക്ഷിക്കുന്നത്.
കുണ്ടളവാലിയിലൂടെ പോകുന്ന റെയിൽവേ ലൈനിന്റെ അഞ്ച് കിലോമീറ്റർ ദൂരം ആദ്യഘട്ടമായി നവീകരിക്കാനാണ് പദ്ധതി തയാറായിരിക്കുന്നത്. പഴയ റെയിൽവേ പാതയ്ക്ക് 35 കിലോമീറ്ററാണ് ദൈർഘ്യം. പദ്ധതിയുടെ ആദ്യഘട്ടം വിജയമായാൽ പഴയ പാത പൂർണമായും പുനരുജ്ജീവിപ്പിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. പദ്ധതിയുടെ സാദ്ധ്യതകളെ കുറിച്ച് പഠിക്കാനായി റെയിൽവേ വികസന കോർപറേഷന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ഒക്ടോബറിൽ വിദഗ്ദ്ധസംഘം മൂന്നാർ സന്ദർശിച്ചിരുന്നു. മുമ്പ് റെയിൽവേ സ്റ്റേഷൻ ആയിരുന്ന പിന്നീട് കെ.ഡി.എച്ച്.പി ഓഫീസായി മാറിയ റീജണൽ ഓഫീസ് മുതൽ മാട്ടുപ്പെട്ടി വരെ നിർദിഷ്ട പാതയിലാണ് സംഘം പരിശോധന നടത്തിയത്.
1902ൽ ബ്രിട്ടീഷുകാരാണ് മൂന്നാർ – മാട്ടുപ്പെട്ടി മോണോ റെയിൽ പാത നിർമിച്ചത്. തേയിലയും മറ്റ് ചരക്കുകളും മാട്ടുപ്പെട്ടിയിലും അവിടെ നിന്ന് തൂത്തുക്കുടി തുറമുഖത്തും എത്തിക്കുകയായിരുന്നു ലക്ഷ്യം. 1908ൽ ആവി എൻജിനുകൾ ഉപയോഗിച്ചുള്ള ട്രെയിൻ ഓടിതുടങ്ങി. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്തതായിരുന്നു എൻജിനും കംപാർട്ടുമെന്റുകളും. 1924 വരെ ഇത് പ്രവർത്തിച്ചു. 1924ലെ പ്രളയത്തിൽ റെയിൽവേ പാളം ഒലിച്ചുപോയതോടെ ട്രെയിൻ സർവീസ് നിലച്ചു.
മൂന്നാറിലെ ട്രെയിൻ സർവീസ് പുനരുജ്ജീവിപ്പിക്കുമെന്ന ബഡ്ജറ്റിലെ പ്രഖ്യാപനം ടൂറിസം മേഖലക്ക് കരുത്തായി. മൂന്നാർ പട്ടണത്തിന്റെ തുടക്കം മുതൽ ട്രെയിൻ സർവീസ് ഉണ്ടായിരുന്നു. ചരക്ക് തൂത്തുക്കുടി തുറമുഖത്ത് എത്തിക്കുകയായിരുന്നു പ്രധാന ലക്ഷ്യമെങ്കിലും ടൂറിസ്റ്റുകൾ കൂടുതലായി ഇതിൽ സഞ്ചരിച്ചിരുന്നു.
മഞ്ഞ് പുതച്ച തേയിലത്തോട്ടങ്ങളുടെയും മലനിരകളുടെയും ഭംഗി ഇനി ചൂളം വിളിയുടെ അകമ്പടിയോടെ ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാനാവും. മൂന്നാറിൽ പൈതൃക തീവണ്ടി സർവീസ് ആരംഭിക്കുമെന്ന ബഡ്ജറ്റിലെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് വിനോദസഞ്ചാരമേഖല കാണുന്നത്. ട്രെയിൻ സർവീസ് ആരംഭിച്ചാൽ കൂടുതൽ ടൂറിസ്റ്റുകൾ മൂന്നാറിലേക്ക് കുതിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ഹോട്ടലുകുരും ഹോംസ്റ്റേ ഉടമകളും.