കോട്ടയം : നഗരമദ്ധ്യത്തിലെ സ്ഥാപനത്തിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിന് പിടികൂടിയ വധശ്രമക്കേസ് പ്രതി പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കൈതമലത്താഴത്ത് ബിലാൽ (24) ആണ് സ്റ്റേഷനിൽ അഴിഞ്ഞാടിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഒരു സ്ഥാപനത്തിനു മുന്നിൽ ഒരു സംഘം മദ്യപിച്ചു ബഹളം വയ്ക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് പൊലീസെത്തുന്നത്. ഒപ്പമുള്ളവർ ഓടിരക്ഷപ്പെട്ടെങ്കിലും ബിലാലിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി സ്റ്റേഷനിലെത്തിച്ചു. ഇവിടെവച്ച് അക്രമാസക്തനായ ഇയാൾ മേശയും, കസേരയും, ജനാലകളും അടിച്ചുതകർത്തു. ഫയലുകളും വലിച്ചെറിഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് പ്രതിക്കെതിരെ കേസെടുത്തു.
കോഴിക്കോട് ചേവായൂർ പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയായ ബിലാൽ ഏറ്റുമാനൂരിലെ ബന്ധുവിനെ കാണുന്നതിനായാണ് എത്തിയത്. ബൈക്കിൽ കറങ്ങി നടന്നു മാല മോഷണം നടത്തിയതിനു കോട്ടയം വെസ്റ്റ് , ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.