arun

ലുക്ക് നോട്ടീസ് ഇറക്കിയിട്ടും ഗുണ്ട അരുൺഗോപൻ ജില്ലയിൽ കറങ്ങിനടക്കുന്നു

കോട്ടയം: നഗരമദ്ധ്യത്തിൽ ഹണിട്രാപ്പ് കെണിയൊരുക്കി സ്വർണ വ്യാപാരിയെ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രകൻ അരുൺ ഗോപനെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽത്തപ്പുന്നു. രണ്ട് മാസം മുൻപ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും വധശ്രമമുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതിയായ അരുൺ ജില്ലയിൽ കറങ്ങി നടക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ചിങ്ങവനം സ്വദേശിയായ സ്വർണ വ്യാപാരിയെ നഗരത്തിലെ ലോ‌ഡ്‌ജിൽ വിളിച്ചു വരുത്തിയ ശേഷം സ്‌ത്രീകളെ ഒപ്പമിരുത്തി ചിത്രമെടുത്താണ് പ്രതികൾ കുടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൌഷാദ് (പുയ്യാപ്ല നൗഷാദ് -41) , ഇയാളുടെ മൂന്നാം ഭാര്യ കാസർകോട് തൃക്കരിപ്പൂർ എളംബച്ചി വില്ലേജിൽ പുത്തൻ പുരയിൽ വീട്ടിൽ ഫസീല (34), കാസർകോട് പടന്ന ഉദിനൂർ അൻസാറിന്റെ ഭാര്യ സുമ (30), ഉദിനൂർ പോസ്റ്റൽ അതിർത്തിയിൽ അൻസാർ (23) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് മുഖ്യആസൂത്രകന്റെ വിവരം പൊലീസിന് ലഭിച്ചത്. കണ്ണൂരിലും ബംഗളൂരുവിലും അടക്കം അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

പ്രതിക്ക് ഉന്നതബന്ധങ്ങളും

കഞ്ചാവ് കച്ചവടവും, ക്രിമിനൽ പ്രവർത്തനങ്ങളുമായി സജീവമായ അരുണിന് രാഷ്‌ട്രീയത്തിലും പൊലീസിലും ഉന്നത ബന്ധങ്ങളുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഇതാണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് കറങ്ങി നടക്കുന്നത്.

പ്രത്യേക സംഘം രൂപീകരിച്ചു

അരുൺ ഗോപനെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.