കോട്ടയം : അങ്കമാലി - ശബരി റെയിൽപ്പാതയ്ക്ക് 2000 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചതോടെ വർഷങ്ങളായി പാളം തെറ്റി കിടന്ന പ്രതീക്ഷയ്ക്ക് വീണ്ടും ജീവൻവയ്ക്കുന്നു. ഇതുവഴി ഹൈന്ദവ വോട്ടർമാരിൽ സ്വാധീനമുറപ്പിക്കാനും ഇടതുമുന്നണിയ്ക്കായി. പാതയുടെ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി 2000 കോടിയും അനുവദിക്കുന്നതിന് വഴിതെളിഞ്ഞതോടെ ജില്ലയുടെ റെയിൽ വികസന പ്രതീക്ഷകൾ പൂവണിയുകയാണ്.
1998ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴി ശബരി പാത. ഇതും എരുമേലി വിമാനത്താവളവും യാഥാർത്ഥ്യമാകുന്നതോടെ യാത്രാക്ലേശം ഒഴിവാക്കി റെയിൽ, വ്യോമമാർഗം വഴി ശബരിമലയിൽ വേഗത്തിലെത്താം. ലോക ഭൂപടത്തിൽ ശബരിമലയുടെ പേരും പതിയും. ഭക്ത കോടികൾ എത്തും. വരുമാനവും കൂടും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയെയും അതു സഹായിക്കും. കോട്ടയം ,ഇടുക്കി, പത്തനം തിട്ട ജില്ലകളിലൂടെ കടന്നു പോകുന്ന പാത മദ്ധ്യകേരളത്തിന്റെ പ്രത്യേകിച്ചും മലയോര മേഖലയുടെ വികസനത്തിനും വഴി തെളിക്കും. ശബരി പാതയുടെ സർവേ പൂർത്തിയായതാണ്. പ്രാദേശിക തലത്തിൽ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് ഇനി പരിഹരിക്കേണ്ടത്.
111 കിലോമീറ്റർ ദൈർഘ്യം
ചെലവ് : 2815 കോടി
സെമി ഹൈസ്പീഡിൽ ഉടക്കിട്ട് യു.ഡി.എഫ്
60000 കോടി രൂപയുടെ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയ്ക്ക് പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി 2021-22ൽ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് നടപ്പാക്കുക. സർവെ ഏതാണ്ട് പൂർത്തിയായതിനൊപ്പം പ്രാദേശിക തലത്തിൽ ആക്ഷൻ കമ്മിറ്റി പ്രക്ഷോഭവുമായ് രംഗത്തു വന്നിട്ടുണ്ട്. യു.ഡി.എഫ് പിന്തുണയും ഇവർക്കുണ്ട്. സ്ഥലം നഷ്ടപ്പെടുന്നവരെ വിശ്വാസത്തിലെടുത്ത് ആശങ്കകൾ പരിഹരിച്ച് പുനരധിവാസത്തിനൊപ്പം മതിയായ നഷ്ടപരിഹാര തുകയും വാഗ്ദാനം ചെയ്തതാൽ പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാകും.