കോട്ടയം: എന്ന് തുറക്കും കോട്ടയത്തെ ആധുനിക അറവുശാല?. ഉദ്ഘാടനം കഴിഞ്ഞിട്ടും ഇപ്പോഴും ഉത്തരംകിട്ടാത്ത ചോദ്യം. രണ്ടു വർഷം മുൻപ് അടച്ചു പൂട്ടിയ അറവുശാലയുടെ സ്ഥാനത്ത് ആധുനിക അറവുശാല ആരംഭിക്കുമെന്ന പ്രഖ്യാപനം എങ്ങും എത്തിയില്ല. എട്ടു വർഷം മുമ്പ് നിർമാണം ആരംഭിക്കുകയും തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്ത അറവുശാല പുതുവർഷത്തിലും അടഞ്ഞു കിടക്കുന്നത്.
കോടിമത പച്ചക്കറി മാർക്കറ്റിന് സമീപത്തായി 3.10 കോടി രൂപ മുടക്കിയാണ് ആധുനിക അറവുശാല നിർമ്മിച്ചത്. എന്നാൽ നഗരസഭയുടെ പിടിപ്പുകേടു മൂലം അറവുശാല പ്രവർത്തനം ആരംഭിക്കുന്നത് വൈകുകയാണ്. സംസ്ഥാനത്ത് മറ്റൊരു നഗരസഭയിലും ഇല്ലെന്ന അവകാശവാദത്തോടെ ഉദ്ഘാടനം ചെയ്ത അറവുശാലയ്ക്കാണ് ഈ ഗതി. നിർമാണം ഇഴഞ്ഞു നീങ്ങിയ അറവുശാല ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് ഒക്ബോറിൽ ഉദ്ഘാടനം ചെയ്തത്. എന്നാൽ, മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ച കാര്യങ്ങളൊന്നും ഏർപ്പെടുത്താതെയാണ് അറവുശാല തുറന്നത്. ബോർഡ് ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയതോടെ കോടതി നഗരസഭയോട് വിശദീകരണം തേടിയിരുന്നു. കേസ് 13നു വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ബോർഡ് നിർദേശിച്ച കാര്യങ്ങൾ നടപ്പിലാക്കാതെ അറവുശാലശാല തുറക്കില്ല.
പരാതി പിന്നാലെ
കോടികൾ മുടക്കി നിർമിച്ചതെങ്കിലും അശാസ്ത്രീയ നിർമാണം മൂലം അറവുശാല പ്രയോജനപ്പെടില്ലെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാൻ കഴിയാത്ത അവസ്ഥ. ഇതോടെ, നല്ല ഇറച്ചി നഗരത്തിൽ വിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ നഗരസഭയ്ക്കും കഴിയുന്നില്ല മത്സ്യ മാർക്കറ്റിന്റെ അവസ്ഥയും സമാനമാണ്. കോടികൾ മുടക്കി ഏറെക്കുറെ നിർമാണം പൂർത്തിയാക്കിയ മാർക്കറ്റും തുറന്നു കൊടുത്തിട്ടില്ല. കോടിമതയിൽ അശാസ്ത്രീയമായ രീതിയിലാണ് ഇപ്പോഴും മത്സ്യവിൽപ്പന. മാലിന്യസംസ്‌കരണ സംവിധാനവും അപര്യാപ്തമാണ്. ആധുനിക മാർക്കറ്റിന്റെ അഭാവം മൂലം നഗരത്തിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മത്സ്യ വില്പനശാലകൾ മുളച്ചുപൊങ്ങുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടായിട്ടുണ്ട്.