കോട്ടയം: സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ പതിമ്മൂന്നാമത് ബിഷപ്പായി ഡോ. സാബു കെ.ചെറിയാനെ തിരഞ്ഞെടുത്തു. സ്ഥാനാഭിഷേക ശുശ്രൂഷ 18 ന് രാവിലെ 8ന് കോട്ടയം സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും.സി.എസ്.ഐ മോഡറേറ്റർ ബിഷപ്പ് എ. ധർമ്മരാജ് റസാലം, തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത എന്നിവർ മുഖ്യകാർമികരായിരിക്കും. പത്തനംതിട്ട പുന്നക്കാട് ഇടവകയിൽ മലയിൽ പരേതരായ എം.കെ. ചെറിയാൻ, ഏലിയാമ്മ ദമ്പതികളുടെ മകനായി 1961 ആഗസ്റ്റ് 26 ന് ജനിച്ചു. പുന്നക്കാട്, കുഴിക്കാല സി.എം.എസ് സ്കൂളുകളിൽ പഠനം പൂർത്തിയാക്കി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് ബിരുദവും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പൂനൈ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും ന്യൂയോർക്ക് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. 1988 ഏപ്രിൽ 20 ന് ഡീക്കൻ പട്ടം നേടി. ആന്ധ്രാമിഷനിൽ മിഷണറിയായി ശുശ്രൂഷാ ജീവിതം ആരംഭിച്ചു. തുടർന്ന് വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ തോലശേരി ഇടവകവികാരി.
ഭാര്യ ഡോ. ജെസി സാറാകോശി. മക്കൾ: സിബു ചെറിയാൻ കോശി, ഡോ. സാം ജോൺ കോശി മരുമകൾ: രൂപ എസ്തേർ ഫിലിപ്പ്.