anchuvilak

ചങ്ങനാശേരി: ചങ്ങനാശേരിയുടെ മുഖമുദ്രയായി അറിയപ്പെടുന്ന അഞ്ചുവിളക്ക് നശിക്കുന്നു. ചങ്ങനാശേരി ബോട്ടുജെട്ടിക്ക് സമീപത്താണ് വിളക്ക് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഇത് തെളിയാറില്ലെന്നു മാത്രമല്ല, കാലപ്പഴക്കം മൂലം ഒടിഞ്ഞ് വീഴാറായ നിലയിലുമാണ്.

2015ൽ മാർക്കറ്റ് ബൈപാസ് നിർമ്മാണത്തെ തുടർന്ന് പഴയ ഇടത്തുനിന്ന് അഞ്ചുവിളക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ആയിടെയുണ്ടായ കാറ്റിൽ പഴയ വിളക്കുകൾ താഴെ വീണ് തകർന്നു പോവുകയും ചെയ്തു. തുടർന്ന് പഴയ സ്തൂപത്തിൽ തന്നെ നഗരസഭ സ്ഥാപിച്ച പുതിയ വിളക്കുകളാണ് ഇപ്പോഴുള്ളത്. ഇപ്പോൾ അതിന്റെ കാലുകളും ഒടിഞ്ഞ നിലയിലാണ്. വെൽഡു ചെയ്യുകയോ പുതിയ കാലുകൾ പിടിപ്പിക്കുകയോ ചെയ്താൽ മാത്രമേ വിളക്കു നേരെയാകൂ. അഞ്ചുവിളക്കിനുതന്നെ മുൻപ് വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നു. പുതിയ അലങ്കാര ദീപങ്ങൾ സ്ഥാപിച്ചപ്പോൾ ഈ കണക്ഷൻ അതിലേക്കു മാറ്റി കൊടുത്തു. അതോടെ അഞ്ചു വിളക്ക് തെളിയാതായി. അടുത്തിടെ ചുറ്റുമതിലും വാഹനം ഇടിച്ച് കേടായി.

വെളിച്ചം കെട്ടതോടെ വിളക്കിന്റെ ചുവട്ടിൽ സാമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിക്കാൻ തു‌ടങ്ങി. ചുറ്റും കാട് പിടിച്ച നിലയിലുമാണ്.

അഞ്ച് വിളക്ക് സംരക്ഷിക്കേണ്ടത് ഈ നാടിന്റെ അഭിമാന പ്രശ്നമാണ്. പുതിയ നഗരസഭാ ഭരണസമിതിയെങ്കിലും അതിനുവേണ്ട നടപടി സ്വീകരിക്കണം.

-ആശാലത, ചങ്ങനാശേരി

വിളക്ക് സ്ഥാപിച്ചത് വേലുത്തമ്പി ദളവ

ചങ്ങനാശേരി ചന്തയുടെ ശതാബ്ദി സ്മാരകമായി 1905ല്‍ ബോട്ടുജെട്ടിയ്ക്കടുത്തായി അഞ്ചുവിളക്ക് സ്ഥാപിച്ചത് തിരുവിതാംകൂറിന്റെ ദിവാനായിരുന്ന വേലുത്തമ്പി ദളവയാണ്. ചങ്ങനാശേരി ചന്തയിലെ വ്യാപാര കേന്ദ്ര സമുച്ചയമാണ് പണ്ടകശ്ശാല. വേലുത്തമ്പി ദളവയാല്‍ സ്ഥാപിക്കപ്പെട്ടതാണെന്നും ചന്തയില്‍ ആദ്യവ്യാപാരം ചെയ്തത് ഗജശ്രേഷ്ഠനെയാണെന്നും അഞ്ചുവിളക്ക് സ്ഥാപിച്ചിരിക്കുന്ന ശിലയില്‍ ആലേഖനം ചെയ്തിട്ടുണ്ട് .1804ല്‍ ദിവാന്‍ ചന്ത പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.