പാലാ: ടൗൺ ബസ് സ്റ്റാൻഡിലെ സാമൂഹ്യവിരുദ്ധരും നിയമം തെറ്റിച്ച് ബസുകൾ പാർക്ക് ചെയ്യുന്ന ഡ്രൈവർമാരും ജാഗ്രതൈ; ടൗൺ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നു. എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് പാലാ ഡി.വൈ.എസ്.പി സാജു വർഗീസിന്റെ നിർദ്ദേശപ്രകാരമാണ് ടൗൺ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നത്.
ഇന്നലെ മുതൽ ഇവിടെ ഒരു എ.എസ്.ഐയുടെയും പൊലീസുകാരന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡിന്റെ നിയന്ത്രണങ്ങൾ വന്നപ്പോഴാണ് ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റ് അടച്ചത്. ഇതു മുതലാക്കി മദ്യപാനികളും മറ്റ് സാമൂഹ്യ വിരുദ്ധരും സ്റ്റാൻഡിൽ അഴിഞ്ഞാട്ടം പതിവാക്കിയിരുന്നു. മദ്യപാനികൾ തമ്മിലുള്ള പോർവിളികളും വാക്കേറ്റങ്ങളും അടിപിടിയും നിത്യസംഭവമായിരുന്നു.

ഒടുവിൽ പരാതി പരിഹരിച്ചു

മദ്യാപാനികളുടെ ശല്യം മൂലം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ പലവട്ടം പരാതിയുമായി രംഗത്തെത്തിയിരുന്നു. സ്റ്റാൻഡിലെ വ്യാപാരികളും സാമൂഹ്യവിരുദ്ധരെകൊണ്ട് സഹികെട്ടിരുന്നു. പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നതോടെ ഇനി ഭയപ്പെടാതെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കാം.