വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോട്ടയത്ത് ഭൂരിപക്ഷം വരുന്ന പിന്നാക്ക സമുദായക്കാരായ ആർക്കെങ്കിലും സീറ്റ് കിട്ടുമോ എന്നാണ് ഉയരുന്ന ചോദ്യം. !
നിലവിൽ ഒമ്പതു നിയമസഭാ സീറ്റിൽ സംവരണ മണ്ഡലമായ വൈക്കം ഒഴിച്ച് എട്ടിലും ഒരു പിന്നാക്കക്കാരന്റെ പൊടിപോലുമില്ല . എട്ട് എം.എൽഎമാരും ക്രൈസ്തവ,സവർണ വിഭാഗങ്ങളിൽ പെടുന്നവർ മാത്രം. ഈഴവ വിഭാഗത്തെ അധികാരത്തിൽ നിന്ന് അകറ്റി നിറുത്തുന്നതിനുള്ള നീക്കം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് സ്ഥാനാർത്ഥി കുപ്പായക്കാരുടെ പരിഗണനാ ലിസ്റ്റ് തെളിയിക്കുന്നത്.
സമീപകാലത്തൊന്നും പിന്നാക്കക്കാരിൽ ഒരാളെ പോലും പരിഗണിക്കാൻ യു.ഡി.എഫ് തയ്യാറായിട്ടില്ല. പാലായിലും കടുത്തുരുത്തിയിലും മാത്രമാണ് ക്രൈസ്തവർ അൽപ്പം മുന്നിലുള്ളത് . ബാക്കി ഏഴും ഹൈന്ദവ ഭൂരിപക്ഷം മണ്ഡലങ്ങളാണ്. മുന്നിൽ ഈഴവ വിഭാഗവും. കോട്ടയം ക്രൈസ്തവ ഭൂരിപക്ഷ ജില്ലയെന്നു സ്വയം വിലയിരുത്തി ക്രൈസ്തവ താത്പര്യം സംരക്ഷിക്കാനാണ് മുന്നണികളും പാർട്ടികളും ശ്രമിക്കാറുള്ളത്. വൈക്കം സംവരണ മണ്ഡലത്തിൽ നിന്നു ജയിച്ച സി.കെ.ആശ ഒഴിച്ച് മറ്റ് എം.എൽഎമാരെല്ലാം ക്രൈസ്തവ, സവർണ വിഭാഗക്കാരാണ് .(എട്ടിൽ അഞ്ചു പേർ ക്രൈസ്തവർ, മൂന്ന് പേർ നായർ ). ഭൂരിപക്ഷ സമുദായം ഈഴവ വിഭാഗമായിട്ടും ഒരാളെ പോലും പരിഗണിച്ചില്ല . അടുത്ത തിരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്ന പ്രതീക്ഷയിൽ പലരും കളത്തിലുണ്ടെങ്കിലും സീറ്റ് കൊടുത്തില്ലെങ്കിൽ പിടിച്ചു വാങ്ങാനുള്ള കരുത്തില്ലാത്തവരാണ്. സ്ഥിരം പോസ്റ്ററൊട്ടീരും തല്ലു കൊള്ളലുമാണ് പരിപാടി. സീ്റ്റ് പരിഗണനയിൽ ഉടയാത്ത ഷർട്ടുമിട്ട് ടൊയോട്ട കാറിൽ കറങ്ങുന്നവർ സ്ഥാനാർത്ഥികളാകും. നേതാക്കളുടെ പിറകേ നടന്ന് ആയുസ് ഒടുക്കാനാണ് ഇവരുടെ വിധി. മറ്റ് സമുദായ നേതാക്കൾ വില പേശി സീറ്റ് പിടിച്ച് വാങ്ങിച്ചെടുക്കുമ്പോൾ വളഞ്ഞു കുത്തി ഓച്ഛാനിച്ചു നിൽക്കുകയാണ് പിന്നാക്ക നേതാക്കൾ.
കോട്ടയം നഗരസഭയിൽ ഈഴവ വിഭാഗത്തിൽ പെട്ട നാല് പേരും നായർ വിഭാഗത്തിൽ നിന്ന് മൂന്നു പേരും കൗൺസിലർമാരായി .അവസാനം മൂന്നു പേരിൽ നിന്നായി വൈസ് ചെയർമാൻ. സീനിയോറിറ്റിയിൽ മുന്നിൽ ഈഴവ കൗൺസിലറായിരുന്നിട്ടും വെട്ടി . മണ്ണും ചാരിനിന്നവൻ പെണ്ണും കൊണ്ടു പോയി.. കോൺഗ്രസിലെ ഒരു നേതാവായിരുന്നു ഇതിന് പിന്നിൽ കളിച്ചത്.
സ്ഥിരമായി പിന്നാക്കക്കാർ ജയിച്ചു വന്ന കോട്ടയം സീറ്റിൽ നിന്ന് അവർ പുറത്തായി. ഈഴവ ഭൂരിപക്ഷ പഞ്ചായത്തുകൾ ചേർത്തുണ്ടാക്കിയ ഏറ്റുമാനൂർ മണ്ഡലത്തിൽ യു.ഡി.എഫ് , എൽ.ഡി.എഫ് മുന്നണികൾ പിന്നാക്ക വിഭാഗത്തിൽ നിന്ന് ഒരാളെ ഇതുവരെ സ്ഥാനാർത്ഥിയാക്കിയിട്ടുമില്ല. എന്നാൽ പിന്നാക്കക്കാരുടെ വോട്ടു കൊണ്ടാണ് ക്രൈസ്തവ , സവർണ വിഭാഗക്കാർ ഇവിടെ നിന്നു സ്ഥിരമായി ജയിക്കുന്നതും.
" തൊഴും തോറും തൊഴിക്കും തൊഴിക്കും തോറും തൊഴും എന്ന നാണം കെട്ട അവസ്ഥ മാറ്റിയേ തീരു... വോട്ട് ബാങ്കാണെന്നു തെളിയിക്കണം. അതല്ലാതെ ഇപ്പം വീഴുമെന്ന് പ്രതീക്ഷിച്ച് ആടിന്റെ പിറകേ നടന്ന കുറുക്കനെപ്പോലെ ആകരുതെന്നാണ് ഓർമിപ്പിക്കാനുള്ളത്. !...