കട്ടപ്പന: തമിഴ്‌നാട്ടിലാകെ അടുപ്പുകളിൽ പൊങ്കൽ തിളച്ച് തൂവിയപ്പോൾ പതിവുപോലെ പച്ചപ്പൊന്നിന്റെ സുഗന്ധവും പരന്നു. വർഷങ്ങളായി തമിഴ്‌നാട്ടിൽ പൊങ്കൽ ഉത്സവകാലത്ത് റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യുന്ന പൊങ്കൽ കിറ്റിൽ(പൊങ്കൽ പരിസ്) ഇടുക്കിയിൽ നിന്നു സംഭരിക്കുന്ന ഏലയ്ക്കായാണ് നൽകിവരുന്നത്. ഇത്തവണ 150 ടൺ ഏലയ്ക്കായാണ് തമിഴ്‌നാട് സർക്കാർ സംഭരിച്ചത്. കാർഡുടമകൾക്ക് പൊങ്കലിന് കാർഡുടമകൾക്ക് 2500 രൂപ, ഒരു കിലോ പച്ചറി, ഒരു കിലോ പഞ്ചസാര, 20 ഗ്രാം വീതം അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഒരു കരിമ്പ് എന്നിവയ്‌ക്കൊപ്പം 5 ഗ്രാം ഏലയ്ക്കായും നൽകിയിരുന്നു.കൊവിഡ് നിയന്ത്രണമുള്ളതിനാൽ ന്യായവില കടകളിലൂടെ ടോക്കൺ അടിസ്ഥാനത്തിലാണ് ഇത്തവണ ഗുണഭോക്താക്കൾക്ക് കിറ്റുകൾ വിതരണം ചെയ്തത്.

സ്‌പൈസസ് ബോർഡിന്റെ പുറ്റടി സ്‌പൈസസ് പാർക്കിലും തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലുമുള്ള ലേല കേന്ദ്രങ്ങളിൽ നടക്കുന്ന ഇ-ലേലങ്ങളിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിലെ വ്യാപാരികളാണ്. ലോക്ക് ഡൗൺ കാലത്ത് തമിഴ്‌നാട് വ്യാപാരികൾ എത്താതിരുന്നതിനാൽ ലേലം മുടങ്ങിയ സാഹചര്യമുണ്ടായി. പച്ചക്കറി, പഴവർഗങ്ങൾ, ഇറച്ചിക്കോഴി, മാട് തുടങ്ങിയവയെല്ലാം തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ, ഇടുക്കിയുടെ സ്വന്തം സുഗന്ധവ്യഞ്ജന റാണിയാണ് തമിഴരുടെ പൊങ്കലിന് മാധുര്യം കൂട്ടുന്നത്.


ചാഞ്ചാടി വില

ഏലക്ക വിലയിലെ ചാഞ്ചാട്ടം മാസങ്ങളായി തുടരുകയാണ്. കിലോഗ്രാമിന് ശരാശരി 1550 രൂപ കർഷകർക്ക് ലഭിക്കുന്നുണ്ട്. സ്‌പൈസസ് ബോർഡിന്റെ ഇലേലത്തിൽ അഞ്ച് ദിവസം മുമ്പ് 100 രൂപ കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും 1650 രൂപയിലേക്ക് ശരാശരി വില എത്തി. 1300 നും 1500 നുമിടയിലായിരുന്ന വില നവംബർ അവസാനത്തോടെയാണ് ഉയർന്നുതുടങ്ങിയത്. ഡിസംബർ അവസാന ആഴ്ചയിൽ ഇ-ലേലത്തിൽ ശരാശരി വില 1850 രൂപയിലെത്തിയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഉത്പാദനവും കൂടുതലാണ്. ഇന്നലെ രാവിലെ നടന്ന ഇടുക്കി ഡിസ്ട്രിക്ട് ട്രഡീഷണൽ കാർഡമം പ്രൊഡ്യൂസർ കമ്പനിയുടെ ലേലത്തിൽ ഉയർന്ന വില 1913 രൂപയും ശരാശരി വില 1652.23 രൂപയുമാണ്. ആകെ പതിഞ്ഞ 23,019 കിലോഗ്രാം ഏലക്കയും വിറ്റുപോയി.