പൊൻകുന്നം: വർഷങ്ങളായി പരിമിതമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിലെ ശൗചാലയം ചിറക്കടവ് പഞ്ചായത്ത് നവീകരിക്കുന്നു. ഈ സാഹചര്യത്തിൽ 20 മുതൽ ഒരുമാസത്തേക്ക് ബസ് സ്റ്റാൻഡിനുള്ളിൽ കംഫർട്ട് സ്റ്റേഷൻ സൗകര്യമുണ്ടാകില്ല.

വിമാനത്താവളങ്ങളിലെ ശൗചാലയങ്ങളുടെ മാതൃകയിൽ ആധുനിക രീതിയിലുള്ള നിർമ്മാണത്തിന് പത്തുലക്ഷം രൂപ വിനിയോഗിക്കും.6 ടോയ്‌ലറ്റ്,കുളിമുറി,ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യം എന്നിവ ഉണ്ടായിരിക്കും.
ഉള്ളിൽ കൂടുതൽ സ്ഥലം ലഭിക്കത്തക്കവിധം എൻജിനീയറിംഗ് ക്രമീകരണത്തോടെയാണിത്. ടൈലുകൾ പൊളിച്ചുനീക്കി പൂർണ്ണമായ നവീകരണമാണ് നടത്തുന്നത്.ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റപ്പോൾ ആദ്യത്തെ പ്രഖ്യാപനമായിരുന്നു പൊൻകുന്നം ടൗണിന്റെ സൗന്ദര്യവത്ക്കരണം. അതിന്റെ തുടക്കമെന്ന നിലയിലാണ് കംഫർട്ട് സ്റ്റേഷന്റെ നവീകരണമെന്ന് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ പറഞ്ഞു.
എല്ലാ പഞ്ചായത്തുകളിലും ടെയ്ക് എ ബ്രേക്ക് പദ്ധതിയിൽ പുതിയ ശൗചാലയങ്ങൾ നിർമ്മിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിലുൾപ്പെടുത്തിയാണ് ചിറക്കടവ് പഞ്ചായത്തിന്റെ പൊൻകുന്നം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നവീകരണം.ശുചിത്വമിഷനും പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.