കോട്ടയം : കൊവിഡ് പ്രതിരോധ വാക്സിൻ ആദ്യഘട്ട വിതരണത്തിന് ജില്ലയിൽ തുടക്കമായി. രാവിലെ 11:10 ന് കുത്തിവയ്പ്പ് നടപടികൾ ആരംഭിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂപ്രണ്ട് ഡോ.ടി.കെ ജയകുമാറാണ് ആദ്യവാക്സിൻ സ്വീകരിച്ചത്. ജില്ലാ കളക്ടർ എം.അഞ്ജന, മെഡിക്കൽ കോളേജ് സാംക്രമിക രോഗചികിത്സാ വിഭാഗം മേധാവി ഡോ.ആർ സജിത് കുമാർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ കോളേജിലെയും, എസ്.എച്ച് മെഡിക്കൽ സെന്ററിലെയും ക്രമീകരണങ്ങൾക്ക് ജില്ലാ കളക്ടർ നേരിട്ട് നേതൃത്വം നൽകി.
പാമ്പാടി കോത്തല സർക്കാർ ആയുർവേദ ആശുപത്രിയിൽ സബ് കളക്ടർ രാജീവ്കുമാർ ചൗധരി, എരുമേലി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ എ.ഡി.എം അനിൽ ഉമ്മൻ, പാലാ ജനറൽ ആശുപത്രിയിൽ പാലാ ആർ.ഡി.ഒ അനിൽകുമാർ, വൈക്കം താലൂക്ക് ആശുപത്രി, ചങ്ങനാശേരി ജനറൽ ആശുപത്രി, ഉഴവൂർ കെ. ആർ നാരായണൻ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിൽ തഹസിൽദാർമാർ എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി.
എസ്.എച്ച് മെഡിക്കൽ സെന്ററിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ബിന്ദുകുമാരി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.പി. എൻ.വിദ്യാധരൻ, ഡോ.കെ.ആർ.രാജൻ, ഡോ.ടി.അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ എന്നിവർ ഇവിടെ വാക്‌സിൻ സ്വീകരിച്ചു. ഭാരതീയ ചികിത്സാ വിഭാഗം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സി. ജയശ്രീ പാമ്പാടി കോത്തല സർക്കാർ ആയുർവേദ ആശുപത്രിയിലാണ് വാക്‌സിൻ സ്വീകരിച്ചത്.
പാലാ ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ പി.എസ് ശബരിനാഥ്, വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജി.സ്വപ്ന, ഉഴവൂർ കെ. ആർ. നാരായണൻ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ഡോ.ജെസി സെബാസ്റ്റ്യൻ, പാമ്പാടി കോത്തല സർക്കാർ ആയുർവേദ ആശുപത്രിയിൽ പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ കെ.എ.മനോജ്, ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജെ.തോമസ്, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ.ജോസഫ് ആന്റണി, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ.സീന ഇസ്മായിൽ എന്നിവരും വാക്സിൻ സ്വീകരിച്ചു.
വാക്സിൻ സ്വീകരിച്ചത് 610 പേർ
കോട്ടയം മെഡിക്കൽ കോളേജ് : 70
എസ് .എച്ച്. മെഡിക്കൽ സെന്റർ : 70
പാലാ ജനറൽ ആശുപത്രി : 60
ചങ്ങനാശേരി ജനറൽ ആശുപത്രി : 60
കോത്തല ഗവ.ആയുർവേദ ആശുപത്രി : 70
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം : 80
ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം : 80
കെ.ആർ. നാരായണൻ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രി : 50
വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി : 70
രണ്ടാം ഡോസ് നിർബന്ധം
28 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസ് കൂടി കുത്തിവച്ച് രണ്ടാഴ്ച കൂടി കഴിയുമ്പോഴാണ് പ്രതിരോധശേഷി കിട്ടുക. ഇതിനിടയിൽ കൊവിഡ് പിടിപെടാനുള്ള സാദ്ധ്യതകൾ ഒഴിവാക്കുന്നതിന് പ്രതിരോധ മുൻ കരുതലുകൾ കർശനമായി പാലിക്കണം. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് സർക്കാർ നിർദേശങ്ങളനുസരിച്ച് മറ്റുള്ളവർക്കും വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.
എം. അഞ്ജന,ജില്ലാ കളക്ടർ