അടിമാലി: ഗ്രാമ്പുവിനുണ്ടായ വിലയിടിവ് ഹൈറേഞ്ചിലെ കർഷകർക്ക് ദുരിതം സമ്മാനിക്കുന്നു. .ജാതി കൃഷിയോടും ഏലകൃഷിയോടും കിടപ്പിടിച്ചിരുന്ന ഹൈറേഞ്ചിലെ മറ്റൊരു പ്രധാന കൃഷിയായിരുന്നു ഗ്രാമ്പു കൃഷി.പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി ഗ്രാമ്പുവിനുണ്ടായിട്ടുള്ള വിലയിടിവ് കർഷകർക്കുണ്ടായ നഷ്ടം ചില്ലറയല്ല.അഞ്ഞൂറിൽ താഴെയാണ് നിലവിൽ ഗ്രാമ്പുവിന്റെ വിപണി വില.മുമ്പ് കിലോയ്ക്ക് ആയിരത്തി അഞ്ഞൂറിനടുത്ത് വരെ ഗ്രാമ്പുവിന് വില ലഭിച്ചിരുന്ന കാലമുണ്ടായിരുന്നു.ഇപ്പോഴത്തെ വില ഗ്രാമ്പു വിളവെടുപ്പിന് കൂലി കൊടുക്കാൻ പോലും മതിയാവില്ലെന്ന് കർഷകർ പറയുന്നു.വില തീരെയില്ലാതായതോടെ പല കർഷകരും ഗ്രാമ്പുവിന്റെ വിളവെടുപ്പിന് തന്നെ മടികാണിക്കുന്ന അവസ്ഥയുണ്ട്.വിളവെടുപ്പ് കൂലിയും ഇപ്പോഴത്തെ വിപണി വിലയും തമ്മിൽ തട്ടിച്ച് നോക്കുമ്പോൾ നഷ്ടം സംഭവിക്കുമെന്നാണ് കർഷകരുടെ വാദം.ആയിരം രൂപാക്കടുത്തെങ്കിലും വില ലഭിച്ചെ മതിയാകുവെന്ന് കർഷകർ പറയുന്നു.കാർഷിക വിളകളുമായി ബന്ധപ്പെട്ട് മുൻകാല കേന്ദ്ര സർക്കാരുകൾ ഏർപ്പെട്ട ഇറക്കുമതി കരാറുകൾ മറ്റ് വിളകൾക്കെന്ന പോലെ ഗ്രാമ്പുവിനും തിരിച്ചടിയായിട്ടുണ്ടെന്ന ആക്ഷേപവും കർഷകർക്കുണ്ട്.