പാലാ: പാലാ ജനറൽ ആശുപത്രിയിൽ കൊവിഡ്19 വാക്‌സിൻ വിതരണത്തിന് തുടക്കമായി. ഇന്നലെ ആദ്യഘട്ടത്തിൽ 60 ആരോഗ്യ പ്രവർത്തകരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.100 പേർക്കാണ് ആദ്യ ദിനത്തിൽ കൊവിഡ് വാക്‌സിൻ നൽകുന്നതിന് നിശ്ചയിച്ചിരുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ 40 പേർക്ക് മരുന്ന് നൽകാൻ സാധിച്ചില്ല. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടും ഓങ്കോളജിസ്റ്റുമായ ഡോ.ശബരീനാഥ് ആദ്യ വാക്‌സിൻ സ്വീകരിച്ചു. 12 ഡോക്ടർമാരും 40 നേഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരുമാണ് പാലായിൽ ആദ്യ ദിനം കൊവിഡ് 19 കുത്തിവെയ്‌പ്പെടുത്തത്.
അതേസമയം കടനാട് പഞ്ചായത്തിൽ വീണ്ടും 20 പേർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതേതുടർന്ന് കടനാട് പഞ്ചായത്ത് ഓഫീസും പള്ളിയും ഏതാനും ദിവസത്തേക്ക് അടച്ചു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവിന്റെ നേതൃത്വത്തിൽ രണ്ട് സ്ഥലങ്ങളിലും ഇന്നലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് ഓഫീസ് ചൊവ്വാഴ്ച മുതൽ പ്രവർത്തിക്കുമെന്നും പള്ളി 5 ദിവസം കഴിഞ്ഞേ തുറന്നു പ്രവർത്തിക്കൂവെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.